ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു
Wednesday, March 15, 2023 12:25 AM IST
മുംബൈ: ഓഹരിവിപണിയിൽ തുടർച്ചയായ നാലാം ദിവസവും ഇടിവു രേഖപ്പെടുത്തി. യുഎസ് ആസ്ഥാനമായുള്ള രണ്ടു ബാങ്കുകളുടെ പരാജയത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഓട്ടോ, ഐടി, ഫിനാൻഷൽ ഓഹരികൾ ഇടിഞ്ഞു.
സെൻസെക്സ് 337.66 പോയിന്റ് അഥവാ 0.58 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57,900.19 ൽ എത്തി. നിഫ്റ്റി 111 പോയിന്റ് (0.65 ശതമാനം ) ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 17,043.30 ൽ അവസാനിച്ചു, നിഫ്റ്റിയുടെ 38 മുൻനിര ഒാഹരികൾ ചുവപ്പിൽ അവസാനിച്ചു. ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 82.49 എന്ന നിലയിലെത്തി.
തുടർച്ചയായ വിദേശ മൂലധനത്തിന്റെ ഒഴുക്ക്, അദാനിയുടെ തകർച്ചയെത്തുടർന്ന് നിക്ഷേപകർ പുലർത്തുന്ന ജാഗ്രത, നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് പിൻവാങ്ങുന്നത്, ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് തുടർച്ചയായ ഇടിവിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടം എം ആൻഡ് എമ്മിനാണ്, ഏകദേശം മൂന്നു ശതമാനം ഇടിവാണ് എം ആൻഡ് എമ്മിനുണ്ടായിരിക്കുന്നത്. ടിസിഎസ്, ബജാജ് ഫിനാൻസ്, വിപ്രോ, കൊട്ടക് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് എന്നിവയും തകർച്ച നേരിട്ടു. എന്നാൽ, ടൈറ്റാൻ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി എന്നിവ നേട്ടമുണ്ടാക്കി.
ബാങ്കിംഗ്/ഫിനാൻഷൽ ഓഹരികളുടെ തകർച്ചയും തുടരുന്നു
12ന് ഉപഭോക്തൃ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടതിനെത്തുടർന്ന് സിലിക്കണ് വാലി ബാങ്കും രണ്ട് ദിവസത്തിന് ശേഷം സിഗ്നേച്ചർ ബാങ്കും തകർന്നത് ലോകവ്യാപകമായി ബാങ്കിംഗ്/ഫിനാൻഷൽ ഓഹരികളുടെ ലോകവ്യാപകമായ തകർച്ചയ്ക്കു കാരണമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ ഓഹരിവിപണിയിലും ദൃശ്യമാകുന്നത്.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ്, സിയൂൾ എന്നിവ കാര്യമായ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ ഓഹരി വിപണിയിലും ബാങ്കുകളുടെ തകർച്ചയുടെ പ്രതിഫലനം ദൃശ്യമായി. വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ ഒറ്റരാത്രികൊണ്ടു താഴ്ന്നിരുന്നു.