സുരക്ഷിത നിക്ഷേപം: സ്വർണ വില ഉയരുന്നു
Wednesday, March 15, 2023 12:25 AM IST
ന്യൂയോർക്ക്: സിലിക്കണ്‍ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർത്തി.
സ്വർണം ഒരു സുരക്ഷിത സങ്കേതമെന്ന നിലയിൽ അതിന്റെ മാൻഡേറ്റ് നിറവേറ്റുന്നതായി തോന്നുന്നതായി ടിഡി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി മാർക്കറ്റ് സ്ട്രാറ്റജി തലവൻ ബാർട്ട് മെലെക് അഭിപ്രായപ്പെട്ടു.
സ്വർണ വില 2.4 ശതമാനം ഉയർന്ന് ഒൗണ്‍സിന് 1,921.06 ഡോളറിലെത്തി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളി ഒൗണ്‍സിന് 6.3% ഉയർന്ന് 21.81 ഡോളറിലും പ്ലാറ്റിനം 4% ഉയർന്ന് 997.60 ഡോളറിലും പല്ലാഡിയം 7.8% ഉയർന്ന് 1,485.74 ഡോളറിലും എത്തി.
നിരവധി നിക്ഷേപകർ ഈ അസ്ഥിരതയ്ക്കും അപകടസാധ്യതയ്ക്കും എതിരേ സുരക്ഷിത നിക്ഷേപമായി വിലയേറിയ ലോഹത്തെ പരിഗണിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഫെഡറൽ റിസർവിന്റെ നടപടികൾ ഫലപ്രദമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും സ്വർണ വിലയുടെ ഭാവി. സിലിക്കണ്‍ വാലി ബാങ്കിന്റെയും സിഗ്നേച്ചറിന്റെയും പാപ്പരത്തം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കിയാൽ, സ്വർണത്തിന്റെ വിലയിലെ വർധനവ് താത്കാലികമായിരിക്കുമെന്നാണ് വിദഗ്ധരുടെ പൊതുവായ നിരീക്ഷണം.