കൊച്ചി വിമാനത്താവളത്തിൽ ഷോപ്പിംഗ് ഉത്സവം
Wednesday, August 17, 2022 11:46 PM IST
നെടുമ്പാശേരി: ഓണത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്ന അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാർക്കായി ‘വാനോളം ആഘോഷം’ എന്ന പേരിൽ ഷോപ്പിംഗ് ഉത്സവം സംഘടിപ്പിക്കുന്നു.
വിമാനത്താവള ടെർമിനലുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിൻ ഡ്യൂട്ടിഫ്രീയും വൻതോതിലുള്ള ഡിസ്കൗണ്ടുകൾ നൽകും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ വാങ്ങുന്ന യാത്രക്കാരിൽനിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി 12 ലക്ഷം രൂപ വിലവരുന്ന സ്കോഡ കുഷാകാറും നൽകും. ഷോപ്പിംഗ് ഡിസ്കൗണ്ട് മേളയ്ക്ക് അടുത്തയാഴ്ച തുടക്കമാകും.
കോവിഡ് ആഘാതത്തിൽനിന്ന് കരകയറാൻ ആസൂത്രണംചെയ്ത വിവിധ പദ്ധതികൾ ഫലം കണ്ടു തുടങ്ങിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ജൂലൈയിലെ കണക്കനുസരിച്ച് യാത്രക്കാരുടെ എണ്ണവും വിമാനസർവീസുകളും കോവിഡിന് മുൻപുള്ളതിന്റെ 85 ശതമാനമായി.
കൂടുതൽ സർവീസുകൾ നടത്തുന്നതിനായി വിവിധ അന്താരാഷ്ട്ര എയർലൈനുകൾ രംഗത്തെത്തിട്ടുണ്ട്. അടുത്തവർഷത്തോടെ കൂടുതൽ യൂറോപ്യൻ സർവീസുകൾ തുടങ്ങും.