ജിഎസ്ടി ലക്കി ബിൽ മൊബൈൽ ആപ്പ് നാളെ ഉദ്ഘാടനം ചെയ്യും
Sunday, August 14, 2022 11:33 PM IST
തിരുവനന്തപുരം: ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തുടങ്ങുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ധനമന്ത്രി കെ. എൻ.ബാലഗോപാൽ അധ്യക്ഷനായിരിക്കും.
സാധനങ്ങളും സേവനങ്ങളും വാങ്ങുന്പോൾ ബില്ല് ചോദിച്ചു വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും. ജനങ്ങൾ നൽകുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ വലിയ വർധനയുണ്ടാകും.
ലക്കി ബിൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബന്പർ സമ്മാനവും നൽകും.
പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ, വനശ്രീ നൽകുന്ന 1000 രൂപ വീതമുള്ള ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കു വീതം നൽകും. പ്രതിവാര നറുക്കെടുപ്പിലൂടെ കെടിഡിസിയുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസ സൗകര്യം 25 പേർക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ബന്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം.
പ്രതിവർഷം അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.