മാരുതി കാർ സോളാർ കാറാക്കി മാറ്റിയ ഗണിതാധ്യാപകന് അഭിനന്ദന പ്രവാഹം
Friday, June 24, 2022 12:23 AM IST
മാരുതി 800 കാറിനെ സൗരോർജത്തിൽ ഓടുന്ന കാറാക്കിമാറ്റിയെടുത്ത ഗണിതാധ്യാപകനു സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ജമ്മു കാഷ്മീരിലെ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ് ആണ് 11 വർഷം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ സോളാർകാർ നിർമിച്ച് താരമാകുന്നത്.
ചെന്നൈയിൽനിന്നു വാങ്ങിയ സോളാർ പാനലുകളാണ് ബിലാൽ അഹമ്മദ് തന്റെ കാറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കാഷ്മിരിൽ വെയിൽ താരതമ്യേന കുറവായതിനാൽ കുറഞ്ഞ വെളിച്ചത്തിൽ കൂടുതൽ ഊർജം നല്കുന്ന പാനലുകൾ പ്രത്യേകം തെരഞ്ഞെടുക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
15 ലക്ഷം രൂപയാണ് ആകെ ചെലവായത്. സോളാർ കാറിന്റെ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ സംവിധാനങ്ങളിൽനിന്ന് ഒരുതരത്തിലുമുള്ള സാന്പത്തിക സഹായവും ലഭിച്ചില്ലെന്നും ബിലാൽ അഹമ്മദ് പറഞ്ഞു.
പൂർണമായി ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന കാറുകളുടെ ഡോറുകളിലും സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾക്കു വലിയ പ്രോത്സാഹനം നല്കണമെന്നാണു നെറ്റിസൻസിന്റെ ആവശ്യം.