ട്വിറ്റർ ഏറ്റെടുക്കൽ: വ്യാജ അക്കൗണ്ടുകൾ കൂടുതലെങ്കിൽ നടക്കില്ലെന്ന് ഇലോണ്‍ മസ്ക്
Wednesday, May 18, 2022 1:49 AM IST
മുംബൈ: വലിയ വാർത്ത സൃഷ്ടിച്ച ഇലോണ്‍ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ പ്രതിസന്ധിയിലേക്ക്. ട്വിറ്ററിലെ വ്യാജ (സ്പാം) അക്കൗണ്ടുകളുടെ എണ്ണം, ആകെയുള്ള അക്കൗണ്ടുകളുടെ അഞ്ച് ശതമാനത്തിൽ താഴെയാണെന്നതിനു കന്പനി സിഇഒ പൊതുവേദിയിൽ തെളിവ് നല്കിയാൽ മാത്രമേ ഇടപാടുമായി മുന്നോട്ട്പോകുകയുള്ളൂവെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി.
അധികൃതരുടെ അവകാശവാദങ്ങളിൽനിന്നു വ്യത്യസ്തമായി കന്പനിയുടെ യഥാർഥ നില തീർത്തും മോശമാണെങ്കിൽ മുന്‍പു പ്രഖ്യാപിച്ച വില നല്‍കാനാവില്ലെന്നും മസ്ക് തുറന്നടിച്ചു. വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതുവരെ ഇടപാട് നിർത്തിവച്ചിരിക്കുകയാണെന്നു നേരത്തേ മസ്ക് അറിയിച്ചിരുന്നു. ട്വിറ്ററിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം യഥാർഥ യൂസർമാരുടെ ആകെ എണ്ണത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയാണ്.
എന്നാൽ മസ്ക് നടത്തിയ അന്വേഷണത്തിൽ വ്യാജ അക്കൗണ്ടുകൾ 20 ശതമാനത്തിലേറെയുണ്ടെന്നു കണ്ടെത്തിയതാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയ്ക്കു കാരണം.