സീ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സും ലയിക്കുന്നു
Wednesday, September 22, 2021 11:31 PM IST
മുംബൈ: രാജ്യത്തെ മുൻനിര മാധ്യമ-ടെലിവിഷൻ ശൃംഖലയായ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, ജാപ്പനീസ് വന്പൻ സോണി കോർപ്പിന്റെ ഉപവിഭാഗമായ സോണി പിക്ചേഴ്സ് നെറ്റ്വർക് ഇന്ത്യയിൽ ലയിക്കുന്നു. 157.5 കോടി ഡോളർ ആണ് ഇതിനായി സോണി നിക്ഷേപിക്കുന്നത്. സീ എന്റർടെയ്ൻമെന്റിൽ മാനേജ്മെന്റ് തലത്തിൽ വലിയ അഴിച്ചുപണിക്ക് ഏതാനും നിക്ഷേപകരിൽനിന്നു മുറവിളിയുയരുന്നതിനിടെയാണു ലയനം.
ഇരു കന്പനികളുടെയും സംയുക്ത സംരംഭത്തിൽ സീ എന്റർടെയ്ന്റമെന്റിന് 47.07 ശതമാനം ഓഹരിപങ്കാളിത്തവും സോണി പിക്ചേഴ്സിന് 52.93 ശതമാനം ഓഹരിപങ്കാളിത്തവുമാണുണ്ടാവുക. സീ എന്റർടെയ്ൻമെന്റിന്റെ നിലവിലെ സിഇഒ പുനിത് ഗോനേക ആയിരിക്കും ഇതിന്റെ മാനേജിംഗ് ഡയറക്ടർ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ലയനം യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ ശൃംഖലയായി സോണി-സീ സംരംഭം മാറും. 75 ടിവി ചാനലുകളും രണ്ടും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും രണ്ടും ഫിലിം സ്റ്റുഡിയോകളും ഒരു ഡിജിറ്റൽ കണ്ടന്റ് സ്റ്റുഡിയോയും ഈ സംരംഭത്തിന്റെ ഭാഗമാകും.