ഇന്ധനവില വർധന: യുപിഎ ഭരണത്തെ പഴിചാരി പെട്രോളിയം മന്ത്രി
Wednesday, June 23, 2021 11:08 PM IST
ന്യൂഡൽഹി: ഇന്ധന വില വർധനവിന്റെ മുഴുവൻ പഴിയും യുപിഎ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഓയിൽ ബോണ്ടുകളുടെ കോടികളുടെ തിരിച്ചടവ് ബാക്കി വച്ചാണ് യുപിഎ ഭരണം വിട്ടു പോയത്. നിലവിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഈ ബോണ്ടുകളുടെ പലിശയും മുതലും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. ഇന്ധനവില വർധനവിന്റെ ഒരു പ്രധാന കാരണം ഇതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിനുപുറമേ രാജ്യാന്തര വിപണിയിലും എണ്ണവില വർധിച്ചിട്ടുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതും ഇന്ധന വിലവർധനയ്ക്ക് കാരണമായതായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കഴിഞ്ഞ 50 ദിവസത്തിനിടെ 28 തവണയാണ് ഇന്ധനവില വർധിച്ചത്. പലയിടത്തും പെട്രോൾ വില ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലാണ്. ഇന്ധന വിലവർധനയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.