ക്ഷീരകർഷകർക്കായി വിവിധ പദ്ധതികൾ നടപ്പാക്കും: മന്ത്രി ചിഞ്ചുറാണി
Monday, June 21, 2021 10:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർക്കായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ അതിർത്തിയിൽ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും. അതിർത്തി പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് കന്നുകാലികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിക്കും.
ഇതിലൂടെ കന്നുകാലികളിൽ പകർച്ചവ്യാധികൾ ഉണ്ടാകുന്നത് ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. മിൽകോ പോലുള്ള ക്ഷീര സഹകരണ സംഘങ്ങൾ മിൽമയ്ക്ക് ഭീഷണിയല്ല. വിവിധ പാൽ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചതിലൂടെ മിൽമയ്ക്ക് 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. ക്ഷീരസംഘങ്ങളിലെ സ്ത്രീകളുടെ സഹായത്തോടെ തീറ്റപ്പുല്ല് കൃഷി ചെയ്ത് സംഘങ്ങൾ മുഖേന വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.