സ്വിസ് നിക്ഷേപവിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം
Sunday, June 20, 2021 12:49 AM IST
മുംബൈ: ഇന്ത്യൻ പൗരൻമാരുടെയും സ്ഥാപനങ്ങളുടെയും സ്വിസ് നിക്ഷേപവിവരങ്ങൾ അധികൃതരോട് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രാലയം. വിവിധ സ്വിസ് ബാങ്കുകളിലായുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ കഴിഞ്ഞവർഷം 20,700 കോടി രൂപയായിവർധിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
നിക്ഷേപ വിവരങ്ങൾക്കു പുറമേ ആസ്തികളിൽ വർധനയുണ്ടായതിന്റെ കാരണം സംബന്ധിച്ച് സ്വിസ് അധികൃതരുടെ അഭിപ്രായവും തേടിയിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. “ഉപഭോക്തൃ നിക്ഷേപങ്ങളിൽ 2019 നെ അപേക്ഷിച്ച് 2020ൽ കുറവാണുണ്ടായിട്ടുള്ളത്. എന്നാൽ കടപ്പത്രങ്ങളുൾപ്പെടെയുള്ള ആസ്തികളിൽ വർധനയുണ്ടെന്ന് റിപ്പോർട്ടുകളിലുണ്ട്. ഇക്കാര്യം പരിശോധിക്കും.
സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകളുടെ ബിസിനസ് വിപുലമായിതിലൂടെയും ഇന്ത്യൻ ബാങ്കുകളും സ്വിസ് ബാങ്കുകളും തമ്മിലുള്ള ഇടപാടുകളിലെ വർധനകൊണ്ടും ആസ്തികളിൽ വളർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ സർക്കാരിനു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തിൽ വർധനയുണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല ബ്ലാക്ക് മണിയായി കണക്കാക്കപ്പെടുന്ന പണവും ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഉൾപ്പെടാത്ത കണക്കാണ് സ്വിസ് നാഷണൽ ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. - ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരൻമാരുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപവിവരങ്ങൾ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും സ്വിറ്റ്സർലൻഡും 2018ലാണ് ഒപ്പുവച്ചത്.