ആദായനികുതി വകുപ്പിൽനിന്നു പെരുപ്പിച്ച നോട്ടീസുകൾ
Monday, April 12, 2021 1:08 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഉയർന്ന മൂല്യമുള്ളതും നികുതി റിട്ടേണിൽ കാണിക്കാത്തതും എന്ന പേരിൽ ചില നികുതിദായകർക്ക് ഇ-കാന്പയിനിന്റെ ഭാഗമായി ആദായനികുതി ഓഫീസിൽനിന്നും നോട്ടീസുകൾ ലഭിക്കുന്നുണ്ട്. സന്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി ആദായനികുതി വകുപ്പ് നികുതിദായകന്റെ ഇടപാടുകളെപ്പറ്റി പലവിധ സോഴ്സുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അങ്ങനെ ശേഖരിക്കപ്പെട്ട ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസുകൾ അയയ്ക്കുന്നത്.
എന്തുകൊണ്ട് താങ്കൾക്ക് ഇ-നോട്ടീസ് ലഭിക്കുന്നു
നോട്ടീസിന്റെ തുടക്കത്തിൽത്തന്നെ “എന്തുകൊണ്ട് താങ്കൾക്ക് ഇ- നോട്ടീസ് ലഭിക്കുന്നു” എന്ന ചോദ്യം ഉന്നയിക്കുകയും അതിന്റെ ഉത്തരം വളരെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കം ഇങ്ങനെ:- താങ്കൾ ആദായനികുതി റിട്ടേണ് സമർപ്പിച്ചതിനെയും അതുവഴി രാജ്യത്തിന്റെ ഉന്നമനത്തിൽ പങ്കാളിയാവുകയും ചെയ്തതിനെ അഭിനന്ദിക്കുന്നു. എന്നാൽ താങ്കളുടെ പാൻ നന്പറുമായി ബന്ധപ്പെട്ട് ഉയർന്ന മൂല്യമുള്ള ചില ഇടപാടുകൾ 2019-20 സാന്പത്തികവർഷത്തിൽ നടത്തിയതായി ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് താങ്കളുടെ ആദായനികുതി റിട്ടേണിൽ ഉൾപ്പെടുത്താത്ത ചില വരുമാനങ്ങളെ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സാന്പത്തികവർഷം 2019-20 ൽ കണ്ടെത്തിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു, ഈ കാന്പയിൻ നടത്തുന്നതിന്റെ ഉദ്ദേശ്യം പ്രസ്തുത ഇടപാടുകൾ ശരിയാണ് എന്ന് സ്ഥിരീകരിക്കുന്നതോടൊപ്പം അതിനെ തുടർന്നുള്ള നടപടിക്രമങ്ങളും നടപ്പാക്കുവാൻ അഭ്യർഥിക്കുന്നു. ഇവിടെ ഇടപാടുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചേർത്തിരിക്കുന്നു. അതിനുശേഷം താങ്കൾ തുടർന്ന് അനുവർത്തിക്കേണ്ടുന്ന നടപടിക്രമങ്ങളെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി ഇതിന്റെ മറുപടി ഇലക്ട്രോണിക് മാർഗത്തിലൂടെ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നതാണ്. അതിനായി ആദായനികുതി വകുപ്പിന്റെ സൈറ്റിൽ കയറി മൈ അക്കൗണ്ട് എടുത്ത് കംപ്ലയൻസ് പോർട്ടൽ ലോഗിൻ ചെയ്ത് കഴിയുന്പോൾ ഇടപാടുകളുടെ വിശദവിവരങ്ങൾ പ്രത്യക്ഷപ്പെടും. ഓരോ ഇടപാടിന്റെയും നേരെ താഴെ പറയുന്ന ഏതെങ്കിലും ഐറ്റം മാർക്ക് ചെയ്യണം. ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് എന്നിവയിൽ ഒന്നാണ് മാർക്ക് ചെയ്യേണ്ടത്. മാർക്ക് ചെയ്യേണ്ട ഐറ്റങ്ങൾ താഴെ സൂചിപ്പിക്കുന്നു.
1) സൂചിപ്പിച്ചിരിക്കുന്ന ഇടപാട് ശരിയാണോ?
2) സൂചിപ്പിച്ചിരിക്കുന്ന ഇടപാട് മുഴുവനും ശരിയല്ല.
3) സൂചിപ്പിച്ചിരിക്കുന്ന വിവരം മറ്റു വ്യക്തികളുടെയോ അല്ലെങ്കിൽ വർഷത്തിലെയോ ആണ്.
4) സൂചിപ്പിച്ചിരിക്കുന്ന വിവരം ആവർത്തനമാണ്. മുകളിൽ കാണിച്ചിരിക്കുന്നതിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ട്.
5) സൂചിപ്പിച്ചിരിക്കുന്ന വിവരം നികുതിദായകനുമായി ബന്ധമുള്ളതല്ല.
മുകളിൽ സൂചിപ്പിച്ച “ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ” ലിസ്റ്റിൽ വന്നിരിക്കുന്ന ഓരോ ഇടപാടും പ്രത്യേകം പ്രത്യേകം എടുത്ത് ഒന്നുകിൽ വിവരം ശരിയാണ്, അല്ലെങ്കിൽ മുഴുവനും ശരിയല്ല. അല്ലെങ്കിൽ മറ്റുവ്യക്തികളുമായി ബന്ധപ്പെട്ടതാണ്, അല്ലെങ്കിൽ ആവർത്തനം ആണ്, അതുമല്ലെങ്കിൽ നമ്മളുമായി ബന്ധമുള്ളതല്ല എന്നാണ് മാർക്ക് ചെയ്യേണ്ടത്. ഭാഗികമായി ശരിയാണെങ്കിൽ ശരിയായിട്ടുള്ള ഭാഗം കറക്ട് ചെയ്ത് പൂർത്തിയാക്കുവാൻ അവസരം ഉണ്ട്. ഉദാഹരണത്തിന് അക്കൗണ്ട് നന്പറിൽ തെറ്റുണ്ട് അല്ലെങ്കിൽ സൂചിപ്പിച്ചിരിക്കുന്ന തുകയിൽ തെറ്റുണ്ട് എന്ന് കരുതുക. അത് കറക്ട് ചെയ്യണം. മറ്റു വ്യക്തികളുടെ ആണെന്ന് നികുതിദായകന് അറിവുണ്ടെങ്കിൽ ആ വിവരവും മൂന്നാമത്തെ ഓപ്ഷനിൽ സൂചിപ്പിക്കാം. മറ്റു വ്യക്തിയുടെ പാൻ അറിയുമെങ്കിൽ അതും എഴുതാം. പ്രസ്തുത വിവരം ശരിയാണ് പക്ഷേ നേരത്തെ പറഞ്ഞ വിവരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആവർത്തനമാണ് എന്ന ഓപ്ഷൻ മാർക്ക് ചെയ്യുക. ഇതൊന്നുമല്ല പ്രസ്തുത വിവരം നികുതിദായകനെ ബാധിക്കുന്നതേ അല്ല എങ്കിൽ ആ വിവരം മാർക്ക് ചെയ്തിട്ട് സബ്മിറ്റ് എന്ന ഓപ്ഷൻ എടുക്കുന്പോൾ താനെ ഫയൽ ക്ലോസ് ചെയ്യും.
ഫീഡ് ബാക്കിൽ വിവരങ്ങൾ തെറ്റാണെന്ന് സൂചിപ്പിച്ചാൽ
ഫീഡ്ബാക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നികുതിദായകൻ തെറ്റാണെന്ന് സൂചിപ്പിച്ചാൽ ഇ ഡാറ്റാകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ മടക്കി അയച്ച് വീണ്ടും പരിശോധിക്കും. നികുതിദായകൻ മനഃപൂർവം ശരിയായ കാര്യങ്ങൾ തെറ്റാണെന്ന് ധരിപ്പിച്ചാൽ ആദായനികുതി നിയമം അനുസരിച്ച് ഉള്ള പിഴയ്ക്കും പ്രോസിക്യൂഷനും അർഹനാകും.
പ്രായോഗികമായി സംഭവിക്കുന്നത്
ആദായനികുതി വകുപ്പ് പല സ്ഥലങ്ങളിൽ നിന്നുമാണ് ഡാറ്റാകൾ കളക്ട് ചെയ്യുന്നത്. ഓരോ സ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയപ്പോൾ ഒരേ വിവരം തന്നെ പല പ്രാവശ്യം ആവർത്തിച്ച് നോട്ടീസിൽ വന്നു. ചില സാഹചര്യങ്ങളിൽ റിട്ടേണിൽ ഡിസ്ക്ലോസ് ചെയ്ത വരുമാനം തന്നെ 2 തവണ കൂടി ആവർത്തിച്ച് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഒന്നുതന്നെയാണോ എന്ന് പരിശോധിക്കാതെ പ്രത്യേകം വിവരങ്ങളാക്കി നോട്ടീസിൽ ഉൾപ്പെടുത്തി നികുതിദായകനെ കഷ്ടപ്പെടുത്തുകയാണ് ഡിപ്പാർട്ട്മെന്റ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഒരു നികുതിദായകന്റെ കേസിൽ 287749 രൂപ റിട്ടേണിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് നോട്ടീസ് വന്നപ്പോൾ യഥാർഥത്തിൽ സംഭവിച്ചത് 8530/- രൂപയുടെ വീഴ്ചയാണ് ഉയർന്ന മൂല്യമുള്ള ഇടപാട് എന്നാണ് തലക്കെട്ട് എങ്കിലും 137/- രൂപ മൂല്യം ഉള്ള ഇടപാടുവരെ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി മനസിലായിട്ടുണ്ട്.
റിട്ടേണുകൾ റിവൈസ് ചെയ്യണം?
പല നികുതിദായകർക്കും 2021 മാർച്ച് മാസം അവസാന സമയത്താണ് കംപ്ലയൻസ് നോട്ടീസുകൾ (2019-20 വർഷത്തിലെ) ലഭിച്ചിരിക്കുന്നത്. റിട്ടേണുകൾ റിവൈസ് ചെയ്തു ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 മാർച്ച് 31 ന് അവസാനിച്ചു.
കംപ്ലയൻസ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളിൽ നിന്നും റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ഏതെങ്കിലും ഐറ്റം വിട്ടുപോയതായി മനസിലാക്കിയാൽ അവയുടെ നികുതി അടച്ച് റിട്ടേണുകൾ റിവൈസ് ചെയ്തു ഫയൽ ചെയ്യേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ കംപ്ലയൻസ് നോട്ടീസിന് മറുപടി സമർപ്പിച്ചതിന് ശേഷം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള കാലതാമസം മാപ്പാക്കിത്തരണം എന്ന് കമ്മീഷണർ മുന്പാകെ അപേക്ഷ സമർപ്പിച്ച് റിട്ടേണുകൾ റിവൈസ് ചെയ്ത് നോർമൽ ആക്കാവുന്നതാണ്.