ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെഎഫ്സി
Friday, November 27, 2020 1:44 AM IST
തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ വാഹന വായ്പാ രംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെഎഫ്സി വഴി നൽകിവരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. മാത്രമല്ല വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ എൻഡിപിആർഇഎം പദ്ധതിയുമായി ചേർന്നു നാലു ശതമാനം പലിശയിൽ വായ്പ ലഭിക്കും.
ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളുടെ അഭിപ്രായത്തിൽ 2030ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായേക്കും. ഇതു കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നതെന്നു കെഎഫ്സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
വാഹനത്തിന്റെ ഓണ്‍ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്. വാഹനത്തിന്റെ ഈട് അല്ലാതെ മറ്റു ജാമ്യവസ്തുക്കൾ ആവശ്യമില്ല. കുറഞ്ഞ പലിശയ്ക്കു പുറമെ സർക്കാരിൽ നിന്നുള്ള മറ്റു സബ്സിഡികളും ഉപയോക്താക്കൾക്കു പ്രയോജനപ്പെടുത്താം. മറ്റു ധനകാര്യ സ്ഥാപനങ്ങൾ മുഴുവൻ വായ്പ തുകയ്ക്കും പലിശ ഈടാക്കുന്പോൾ കെഎഫ്സി ഡിമിനിഷിംഗ് രീതിയിൽ ബാക്കിനിൽക്കുന്ന വായ്പാതുകയ്ക്കു മാത്രമേ പലിശ ഈടാക്കുന്നുള്ളു. സിബിൽ സ്കോർ മാത്രമാണ് വായ്പ ലഭിക്കാൻ മാനദണ്ഡമായിട്ടുള്ളത്.