പബ്ജി റിട്ടേണ്‍സ്
Thursday, November 12, 2020 10:56 PM IST
മുംബൈ: കളി തീരുംമുന്പെ ചുവപ്പുകാർഡ് കണ്ടു പുറത്തായ പബ്ജി മൊബൈൽ ഗെയിം ഇന്ത്യൻ കളിക്കളത്തിലേക്ക് വീണ്ടും.
ഇന്ത്യൻ ഉപയോക്താക്കൾക്കുമാത്രമായുള്ള, പബ്ജിയുടെ മൊബൈൽ വേർഷൻ ഉടൻ വിപണിയിലെത്തുമെന്നു ദക്ഷിണ കൊറിയൻ കന്പനിയായ പബ്ജി കോർപറേഷൻ അറിയിച്ചു. ‘പബ്ജി മൊബൈൽ ഇന്ത്യ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഗെയിം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു വലിയ പ്രാധാന്യം കൊടുത്താണു തയാറാക്കിയിരിക്കുന്നതെന്നും വൈകാതെതന്നെ സ്മാർട്ട്ഫോണുകളിലെത്തുമെന്നും കന്പനി കൂട്ടിച്ചേർത്തു. സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഏറെ ആരാധകരുള്ള പബ്ജി മൊബൈൽ വേർഷനു വിലക്കേർപ്പെടുത്തിയത്. ഇതേത്തുടർന്ന് പബ്ജിയുടെ മൊബൈൽ വേർഷന്റെ പ്രസിദ്ധീകരണ അവകാശമുണ്ടായിരുന്ന ചൈനീസ് കന്പനിയായ ടെൻസെന്റുമായുള്ള ബന്ധം പബ്ജി കോർപറേഷൻ അവസാനിപ്പിച്ചിരുന്നു.
ഇന്ത്യൻ പശ്ചാത്തലത്തിൽ തയാറാക്കിയിരിക്കുന്ന ഗെയിമിൽ വെർച്വൽ സിമുലേഷൻ, യുവാക്കൾ ഉൾപ്പെടെയുള്ളവർ അധികനേരം ചെലവഴിക്കുന്നത് ഒഴിവാക്കാനുള്ള ക്രമീകരണം തുടങ്ങിയ സംവിധാനങ്ങളുണ്ട്.
രാജ്യത്ത് 10 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ഇന്ത്യയിൽ പബ്ജി കോർപറേഷന്റെ ഉപവിഭാഗം തുടങ്ങുമെന്നും കന്പനി കൂട്ടിച്ചേർത്തു.