യുഎസ് ജിഡിപി 32.9 ശതമാനം ചുരുങ്ങി
Thursday, July 30, 2020 11:58 PM IST
വാഷിംഗ്ടണ്‍: കോവിഡ് വിളയാട്ടത്തിൽ ഇടറി അമേരിക്കൻ സന്പദ് വ്യവസ്ഥയും. വൈറസ് വ്യാപനം രൂക്ഷമായിരുന്ന ഏപ്രിൽ-ജൂണ്‍ ത്രൈമാസത്തിൽ യുഎസ് ജിഡിപി 32.9 ശതമാനം ചുരുങ്ങി. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ ജിഡിപി ഇത്രകണ്ടു താഴുന്നത്. 1921ലെ രണ്ടാം പാദത്തിൽ ജിഡിപി 28.6 ശതമാനം ഇടിഞ്ഞതാണ് ഇതിനു മുന്‍പത്തെ ഏറ്റവും രൂക്ഷമായ ജിഡിപി തളർച്ച.
1958ലെ രണ്ടാം പാദത്തിൽ യുഎസ് ജിഡിപി 10ശതമാനം താണിരുന്നു. ഏപ്രിൽ-ജൂണ്‍ കാലയളവിൽ ജിഡിപി 34.7 ശതമാനം താഴുമെന്നായിരുന്നു പ്രവചനം. രണ്ടാം പാദ ജിഡിപിയിലെ ഇടിവ് അതിരൂക്ഷമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരത്തെ വിലയിരുത്തിയിരുന്നു.
ആളുകളുടെ ഉപയോഗത്തിലുണ്ടായ 34.6 ശതമാനം ഇടിവാണ് ജിഡിപിയുടെ വീഴ്ചയ്ക്ക് പ്രധാന കാരണമായത്. നികുതി വരുമാനം കുറഞ്ഞതിനേത്തുടർന്ന് സർക്കാർ ചെലവുകളും തീരെ കുറവായിരുന്നു. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതും പ്രതിസന്ധിയായി. 3.5 കോടി ആളുകൾ അമേരിക്കയിൽ ഇപ്പോഴും തൊഴിലില്ലാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. അതേസമയംരണ്ടാം പാദത്തിൽ ജർമൻ സാന്പദ്്വ്യവസ്ഥ 10.1 ശതമാനം താഴ്ന്നു. ആദ്യമായാണ് ജർമൻ സാന്പത്തിക രംഗം ഇത്ര തകർച്ച നേരിടുന്നത്. 2009ലെ സാന്പത്തിക മാന്ദ്യത്തെത്തുടർന്ന് അന്ന് ആദ്യപാദത്തിൽ 4.7 ശതമാനം തകർച്ച നേരിട്ടുന്നു.