കൊപ്ര, കുരുമുളക് വിലസ്ഥിരത ഉറപ്പാക്കാൻ നടപടി വേണം: മന്ത്രി വി.എസ്. സുനിൽകുമാർ
Wednesday, June 3, 2020 11:02 PM IST
തിരുവനന്തപുരം: കൊപ്ര, കുരുമുളക്, ജാതി എന്നിവയുടെ വിലസ്ഥിരത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര കൃഷി സഹമന്ത്രി നരേന്ദ്രസിംഗ് തോമർ, കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഘോയൽ എന്നിവർക്ക് കത്തയച്ചു.
സംസ്ഥാനം ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് 2020 സീസണിൽ കൊപ്രയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചത്. എങ്കിലും ക്വിന്റലിന് 9960 രൂപ താങ്ങുവില ഏർപ്പെടുത്തിയതിന് മന്ത്രി നന്ദി അറിയിച്ചു. കഴിഞ്ഞവർഷം പച്ചത്തേങ്ങയ്ക്ക് 42.25 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംഭരണം നടന്നില്ല. അതിനാൽ 42.25 രൂപയായി താങ്ങുവില വർധിപ്പിക്കേണ്ടതാണ്.
കുറച്ചുവർഷമായി കുരുമുളക് വില ഇടിയുകയാണ്. 2014-15-ൽ 686.64 രൂപയുണ്ടായിരുന്നത് 2018-19-ൽ 378.21 രൂപയായി ഇടിഞ്ഞു. ശ്രീലങ്കയുമായുളള സ്വതന്ത്ര വ്യാപാര കരാറാണ് വിലയിടിവിനു പ്രധാന കാരണം. കുരുമുളകിന് കുറഞ്ഞ ഇറക്കുമതി നിരക്ക് ചുമത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യ- ശ്രീലങ്ക കരാർ വന്നതോടെ ജാതിയും ജാതിപത്രിയും ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യുകയാണ്. കർഷകരെ സഹായിക്കാനായി ജാതിയുടെ ഇറക്കുമതിച്ചുങ്കം എട്ടുശതമാനമാനമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.