ബാങ്ക് തട്ടിപ്പ്: അന്വേഷണത്തിനു പുതിയ ക്രമീകരണം
Friday, January 17, 2020 11:57 PM IST
ന്യൂഡൽഹി: 50 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പുകൾ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഒരു ഉപദേശക സമിതി പരിശോധിച്ചിട്ടേ അന്വേഷണ ഏജൻസികൾക്കു വിടൂ. ഇതിനുള്ള നടപടിക്രമം സംബന്ധിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷനും (സിവിസി) റിസർവ് ബാങ്കും ധാരണയിലായി. സംസ്ഥാനതലത്തിലും ഇതേ ക്രമീകരണം ഉണ്ടാകും.
പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പു സംബന്ധിച്ച അന്വേഷണങ്ങൾ വ്യാപകമായതിനെ ത്തുടർന്ന് മാനേജർമാർ വായ്പ അനുവദിക്കുന്നതിനും മറ്റും മടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു മാനേജർമാർക്ക് ആത്മവിശ്വാസം വളർത്താൻ ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കുന്നത്.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ കീഴിൽ ബാങ്ക്- ധനകാര്യ തട്ടിപ്പുകളെപ്പറ്റി ഒരു ഉപദേശകസമിതി ഉണ്ടാക്കും. സിവിസി ആയി റിട്ടയർ ചെയ്ത ടി.എം. ഭാസിൻ ആകും ബോർഡ് അധ്യക്ഷൻ. ബോർഡിൽ നാല് അംഗങ്ങൾ ഉണ്ടാകും. കേന്ദ്ര നഗരവികസന സെക്രട്ടറി ആയിരുന്ന എം.പ്രസാദ്, ബിഎസ്എഫ് മുൻ ഡയറക്ടർ ജനറൽ ഡി.കെ. പാലക്, ആന്ധ്രാ ബാങ്ക് മുൻ എംഡി സുരേഷ് പട്ടേൽ എന്നിവരെ അംഗങ്ങളാക്കി.
ധനകാര്യമേഖലയിൽനിന്ന് ഒരാളെക്കൂടി സമിതിയിൽ എടുക്കും. ഈ സമിതി വിവരങ്ങൾ പരിശോധിച്ച് അനുവദിച്ചാൽ മാത്രമേ സിബിഐയിലേക്കും മറ്റും പരാതി കൈമാറൂ.