വായ്പാ വളർച്ച വീണ്ടും കുറഞ്ഞു
Tuesday, November 12, 2019 11:01 PM IST
മുംബൈ: ബാങ്ക് വായ്പകളുടെ വളർച്ച നോട്ട് നിരോധന കാലത്തെ താഴ്ചയിലേക്കു പതിച്ചു.
വെറും ആറുശതമാനമാണു ജൂലൈ - സെപ്റ്റംബറിൽ രാജ്യത്തെ മൊത്തം വായ്പാ വർധന. ഇത് നോട്ട് നിരോധനകാലത്തെ നിലവാരമാണ്. ബാങ്കിതര ധനകാര്യ കന്പനികൾക്കുള്ള വായ്പാവിതരണം 36 ശതമാനം കുറഞ്ഞു. മൊത്തം ബാങ്ക് വായ്പകളിൽ എട്ടു ശതമാനമാണ് വർധന: ക്രെഡിറ്റ് സ്വിസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണം ഒരു വർഷം മുന്പ് 22 ശതമാനം വളർന്നിരുന്നത് ഇപ്പോൾ 14 ശതമാനമായി. പൊതുമേഖലാ ബാങ്കുകളുടേത് എട്ടിൽ നിന്ന് അഞ്ചുശതമനമായി കുറഞ്ഞു.
ഐഎൽ ആൻഡ് എഫ്എസ്, ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയവ പ്രശ്നത്തിലായതോടെ വായ്പ നല്കാൻ ബാങ്കുകൾ മടിക്കുകയാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങാൻ മ്യൂച്വൽ ഫണ്ടുകളും മടിക്കുന്നു.
ബാങ്കിതര ധനകാര്യ കന്പനികൾക്കു പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള വായ്പ നിലയ്ക്കും. മൊത്തം വായ്പയിൽ 15 ശതമാനമേ ബാങ്കിതര ധനകാര്യ കന്പനികൾക്കു നല്കാവൂ എന്നാണു ചട്ടം. മിക്ക പൊതുമേഖലാ ബാങ്കുകളും ഈ പരിധിയിലെത്തി. ഇതു ബാങ്കിതര ധനകാര്യ കന്പനികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു ക്രെഡിറ്റ് സ്വിസ് മുന്നറിയിപ്പ് നൽകി.