സ്വിറ്റ്സർലൻഡ് ബാങ്ക് നിക്ഷേപ വിവരങ്ങൾ ഇന്ത്യക്കു നൽകി
Tuesday, October 8, 2019 11:23 PM IST
ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇന്ത്യക്കു ലഭിച്ചു. 2018-ൽ നിലവിലുള്ള അക്കൗണ്ടുകൾ സംബന്ധിച്ചാണു വിവരങ്ങൾ.
സ്വിറ്റ്സർലൻഡ് 75 രാജ്യങ്ങൾക്ക് ഇപ്രകാരം വിവരം കൈമാറിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഇൻഫർമേഷൻ എക്സ്ചേഞ്ച് ഉടന്പടി(എഇഒഐ)യിൽ ചേർന്ന രാജ്യങ്ങളാണിവ. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ പരസ്യമാക്കാൻപാടില്ല.
ഉടന്പടിപ്രകാരം സ്വിറ്റ്സർലൻഡ് 31 ലക്ഷം അക്കൗണ്ടുകളുടെ വിവരം മറ്റു രാജ്യക്കാർക്കു നൽകി. മറ്റു രാജ്യങ്ങൾ 24 ലക്ഷം അക്കൗണ്ടുകളുടെ വിവരം സ്വിറ്റ്സർലൻഡിനും നൽകി.
ഈ പട്ടികയിലുള്ള അക്കൗണ്ടുകൾ കള്ളപ്പണ നിക്ഷേപത്തിനുള്ളതാകണമെന്നില്ല. നിയമാനുസൃത ഇടപാടുകളുടെ ഭാഗമാകാം ബഹുഭൂരിപക്ഷം അക്കൗണ്ടുകളും.
ഇനി അടുത്തവർഷം സെപ്റ്റംബറിൽ 2019-ലെ അക്കൗണ്ടുകൾ സംബന്ധിച്ച വിവരം കൈമാറും.