ടൂറിസം മേഖലയിൽ ഐസിടിടി സമ്മേളനം
Wednesday, September 18, 2019 10:53 PM IST
കൊച്ചി: ലോകത്തെന്പാടുമുള്ള ടൂറിസം മേഖലയെ നിർണായകമായി സ്വാധീനിക്കുന്ന നിർമിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിൽ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച് കൊച്ചിയിൽ ചേരുന്ന ഇന്റർനാഷണൽ കോണ്‍ഫറൻസ് ഓണ്‍ ടൂറിസം ടെക്നോളജി(ഐസിടിടി) ചർച്ച ചെയ്യും. 26, 27 തിയതികളിൽ ലെ മെറിഡിയൻ കണ്വെൻഷൻ സെന്ററിലാണ് സമ്മേളനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ (അറ്റോയി), കേരള ടൂറിസത്തിന്റെ സഹകരണത്തോടെയാണ് ഇതു സംഘടിപ്പിക്കുന്നത്.
2013, 2017 വർഷങ്ങളിലാണ് ഐസിടിടിയുടെ മുൻ സമ്മേളനങ്ങൾ നടന്നത്. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വേദിയിൽ ഐസിടിടി അംഗത്വമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഓണ്‍ലൈൻ ടൂറിസംമേഖല, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവരാണുള്ളത്. സാങ്കേതിക പരിജ്ഞാനം ടൂറിസം മേഖലയിലെ എല്ലാ പങ്കാളികൾക്കും എത്തിച്ചുകൊടുക്കാനാണ് ഐസിടിടി ഉദ്ദേശിക്കുന്നത്.