ജിഎസ്ടി:ഹോട്ടൽ, ബിസ്കറ്റ് വ്യവസായങ്ങൾക്ക് ആശ്വാസം
Tuesday, September 17, 2019 10:36 PM IST
മുംബൈ: വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ ചരക്കുസേവനനികുതി (ജിഎസ്ടി)യിൽ വലിയ മാറ്റം വരുത്തുകയില്ലെന്നു സൂചന. എന്നാൽ കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഹോട്ടൽ, ബിസ്കറ്റ് വ്യവസായങ്ങളെ രക്ഷിക്കാൻ നടപടി ഉണ്ടാകും. പകരം പുകയില ഉത്പന്നങ്ങൾക്കു നികുതി വർധിപ്പിക്കുമെന്നു കരുതപ്പെടുന്നു. വാഹനങ്ങൾക്കു നികുതിയിളവ് നല്‍കാനിടയില്ല.
ഗോവയിലാണ് കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങൾ.
കാറുകൾ അടക്കം വാഹനങ്ങൾക്കും ഹോട്ടൽ വ്യവസായത്തിനും കൺസ്യൂമർ ഉത്പന്നങ്ങൾക്കും നികുതി ഇളവ് നല്‍കാനായിരുന്നു ആദ്യ ആലോചന. 75,000 കോടി രൂപയുടെ നികുതി ഇളവാണ് ഉദ്ദേശിച്ചിരുന്നത്. ഇതു ബജറ്റിനെ ബാധിക്കാതിരിക്കാൻ അഞ്ചു ശതമാനം നികുതി എട്ടു ശതമാനമായി കൂട്ടാനും നിർദേശമുണ്ടായിരുന്നു.
ഭക്ഷ്യവസ്തുക്കൾ അടക്കം നിത്യോപയോഗ സാധനങ്ങളാണ് അഞ്ചു ശതമാനം നികുതി സ്ലാബിലുള്ളത്. ഇവയുടെ നികുതി നിരക്ക് എട്ടു ശതമാനമാക്കുന്നത് ജനരോഷമുണ്ടാക്കും; ഒപ്പം വിലക്കയറ്റം വർധിപ്പിക്കുകയും ചെയ്യും. അതിനാലാണ് ആ നിർദേശം മാറ്റിയത്.
പുകയില ഉത്പന്നങ്ങൾ അടക്കം നിലവിൽ അധികനികുതിയും സെസും ഉള്ള സാധനങ്ങളുടെ നികുതി വർധിപ്പിക്കാനാണ് ഇപ്പോൾ ആലോചന.
വാഹനവ്യവസായത്തെ രക്ഷിക്കാൻ അവയുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാനാണ് ആലോചിച്ചത്. ഇതുവഴി ഒരു വർഷം 60,000 കോടി രൂപയുടെ നികുതിനഷ്ടമുണ്ടാകും. ഇതു താങ്ങാവുന്നതല്ലെന്ന് ജിഎസ്ടി ഫിറ്റ്മെന്റ് കമ്മിറ്റി വിലയിരുത്തി.
ബിസ്കറ്റ് കന്പനികളും നികുതി ഇളവാണ് നേടുന്നത്. ഇപ്പോൾ 18 ശതമാനമാണ് ജിഎസ്ടി. കിലോഗ്രാമിനു 100 രൂപയിൽ താഴെ വിലയുള്ളവയ്ക്കു ജിഎസ്ടി അഞ്ചു ശതമാനമായി കുറയ്ക്കണമെന്നാണ് ആവശ്യം. ജിഎസ്ടി വരുംമുന്പ് നികുതിവിമുക്തമായിരുന്നു ഇവ എന്നു നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടൽ വ്യവസായത്തിനു നികുതി ആശ്വാസം നല്‍കാനാവശ്യപ്പെട്ടു വിവിധ സംസ്ഥാന സർക്കാരുകൾ രംഗത്തുണ്ട്. 7500 രൂപ പ്രതിദിന വാടകയുള്ള മുറിക്ക് 28 ശതമാനമാണ് ഇപ്പോഴുള്ള നികുതി. ഇതു 18 ശതമാനമായി താഴ്ത്തുകയോ 7500 രൂപ എന്നതു ഗണ്യമായി ഉയർത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. ടൂറിസം പ്രോത്സാഹനം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകൾ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.