മത്സ്യക്കൃഷിക്ക് ഉണർവേകാൻ ആർജിസിഎയുടെ ലൈവ് ഫീഡ്
Monday, September 16, 2019 10:32 PM IST
കൊച്ചി: ചെമ്മീൻ, അലങ്കാരമത്സ്യക്കൃഷി എന്നിവയ്ക്കായി സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിക്ക് (എംപിഇഡിഎ) കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ(ആർജിസിഎ) തദ്ദേശീയമായി ജീവനുള്ള തീറ്റ (ലൈവ് ഫീഡ്) വികസിപ്പിച്ചെടുത്തു.
ആർട്ടീമിയ എന്ന പൊതുവിഭാഗത്തിൽ പെടുന്ന ഈ തീറ്റ "പേൾ' എന്ന ബ്രാൻഡിലാണ് വിൽക്കുന്നത്. മത്സ്യകൃഷിക്ക് ഊർജം പകരുമെന്നു മാത്രമല്ല, ഈ മേഖലയിൽ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടെന്ന മെച്ചംകൂടി ഇതിലൂടെ കൈവരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് പേൾ വികസിപ്പിച്ചെടുത്തത്. എംപിഇഡിഎ ഹൈദരാബാദിൽ നടത്തിയ "അക്വ-അക്വേറിയ ഇന്ത്യ 2019’ ഷോയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഇതു പുറത്തിറക്കി.
നിലവിൽ 300 ടണ് ആർട്ടീമിയയാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതെന്നു എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. പ്രതിവർഷം 300 കോടി രൂപയാണ് ഇതിനു ചെലവു വരുന്നത്. ഷ്രിംപ് ഹാച്ചറിയിലെ ഏറ്റവും പ്രധാനമായ തീറ്റയാണിതെന്നും അദ്ദേഹം പറഞ്ഞു. ഗാഢമായ ഉപ്പുവെള്ളത്തിൽ മാത്രമേ ആർട്ടീമിയ കാണപ്പെടുകയുള്ളൂ. രാജ്യത്തെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താൽ മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ ഉത്പാദനം വ്യാപിപ്പിക്കാനാകുമെന്നും കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
2024 ആകുന്പോഴേക്കും രാജ്യത്തുനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 700 കോടി ഡോളർമൂല്യത്തിൽനിന്ന് 1500 കോടി ഡോളർ ആക്കാനാണ് ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന പുതിയ മത്സ്യയിനങ്ങൾ, മത്സ്യക്കൃഷി വ്യാപനം തുടങ്ങിയ മാർഗങ്ങൾക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ച പേൾ ആർട്ടീമിയ വലിയ ചുവടുവയ്പാണെന്ന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ഇറക്കുമതി ചെയ്ത ആർട്ടീമിയ 450 ഗ്രാമിന് 5,300 രൂപയാണ് വിലയെങ്കിൽ തദ്ദേശീയമായി വികസിപ്പിച്ച പേൾ ആർട്ടീമിയയ്ക്ക് 3,500 രൂപ മാത്രമേയുള്ളൂ. ഉത്പാദനം വർധിപ്പിച്ച് വില ഇനിയും കുറയ്ക്കാനാകുമെന്ന് ഡോ. കന്ദൻ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പേൾ ആർട്ടീമിയ ഉത്പാദിപ്പിക്കുന്നത്. വർഷം 500 കിലോയാണ് ഉത്പാദനശേഷി.
നിലവിൽ 15 ഹെക്ടറിലാണ് എംപിഇഡിഎ-ആർജിസിഎ ആർട്ടീമിയ ഉത്പാദിപ്പിക്കുന്നത്. ആർട്ടീമിയ ഉത്പാദനത്തിനുതകുന്ന 12,000 ഹെക്ടർ സ്ഥലം രാജ്യത്തുണ്ട്. വിവിധ സംസ്ഥാന സർക്കാരുകളുടെയും സംരംഭകരുടെയും സഹകരണമുണ്ടെങ്കിൽ കൂടുതൽ സ്ഥലത്ത് ആർട്ടീമിയ ഉത്പാദനം തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മീൻ ഇനങ്ങൾ കൂടാതെ, മോത, കാളാഞ്ചി, വറ്റ, ഞണ്ട്, തിലോപിയ തുടങ്ങിയ മത്സ്യയിനങ്ങളെ വളർത്തുന്നതിനുള്ള സാങ്കേതികവിദ്യയിലും ആർജിസിഎ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്.