ഓഹരിക്കന്പോളങ്ങൾ ക്രൂഡിൽ തട്ടി വീഴും
Monday, September 16, 2019 12:22 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
മാന്ദ്യം മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പുതിയ സാമ്പത്തികസഹായം ഓഹരിസൂചികയിൽ ഇന്ന് കുതിച്ചുചാട്ടം സൃഷ്ടിക്കുമെങ്കിലും ക്രൂഡ് ഓയിൽ ഉത്പാദനം ഞായറാഴ്ച അമ്പതു ശതമാനം നിർത്തിവയ്ക്കാൻ സൗദി അറേബ്യ നിർബന്ധിതമായത് ഓഹരിവിപണികളെ ഉഴുതുമറിക്കാം. എണ്ണവില അഞ്ചു മുതൽ പത്തു ഡോളർ വരെ കത്തിക്കയറാനുള്ള സാധ്യതകൾ കറൻസി മാർക്കറ്റുകളിലും വൻ പ്രത്യാഘാതം ഉളവാക്കും.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഊർജം പകരാൻ വൻ സാമ്പത്തികസഹായം പ്രഖ്യാപിച്ചത് ഓഹരിവിപണി ഇന്ന് നേട്ടമാക്കും. കയറ്റുമതിക്കാർക്ക് മുൻഗണനാ മേഖല വായ്പ (പിഎസ്എൽ) മാനദണ്ഡങ്ങൾ പരിഷ്കരിച്ചാണ് 36,000 കോടി രൂപ മുതൽ 68,000 കോടി രൂപ വരെ അധികഫണ്ട് അനുവദിച്ചത്. ഇത് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം മെച്ചപ്പെടുത്താം. എന്നാൽ, എണ്ണവിപണിയുടെ ചൂടിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ നാണയം ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
കഴിഞ്ഞവാരം 71.95 വരെ ദുർബലമായ വിനിമയനിരക്ക് ക്ലോസിംഗിൽ 71.01ലാണ്. ഈ വാരം രൂപയുടെ മൂല്യം തുടക്കത്തിൽ 70.60ലേക്കും തുടർന്ന് 70.20 ലേക്കും മികവു കാണിക്കാം. എന്നാൽ, വാരത്തിന്റെ രണ്ടാം പകുതിയിൽ വിനിമയനിരക്ക് 71.90-72.20ലേക്ക് നീങ്ങാം.
സൗദി എണ്ണപ്പാടങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ കനത്ത നശനഷ്ടമുണ്ടായി. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 50 ശതമാനം കുറയും. അതായത് നിത്യേന ഏകദേശം 57 ലക്ഷം ബാരൽ അസംസ്കൃത ക്രൂഡ് ഉത്പാദനം കുറയും. ഇത് ആഗോള പ്രതിദിന എണ്ണ ഉത്പാദനത്തിന്റെ അഞ്ചു ശതമാനം വരും. ശനിയാഴ്ചയാണ് സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോയുടെ എണ്ണപ്പാടം നിരവധി ഡ്രോണുകൾ ആക്രമിച്ചത്.
അമേരിക്ക-ചൈന വ്യാപാര പ്രശ്നങ്ങളിലെ അയവു കണ്ട് ക്രൂഡ് വില ബാരലിന് 63.52 ഡോളറിൽനിന്ന് വാരാന്ത്യം 60.14ലേക്ക് ഇടിഞ്ഞിരുന്നു. എണ്ണവില താഴ്ന്നത് ഏഷ്യൻ ഓഹരി നിക്ഷേപകരിൽ പ്രതീക്ഷ പകരുകയും ചെയ്തു. കറൻസി മാർക്കറ്റിലും സ്റ്റോക്ക് മാർക്കറ്റിലും ഇത് ഒരു ബുൾ തരംഗം സൃഷ്ടിക്കുമെന്ന നിഗമനത്തിലായിരുന്നു ഓപ്പറേറ്റർമാർ. എന്നാൽ, അപ്രതീക്ഷിതമായി എണ്ണപ്പാടങ്ങളിൽ ഉത്പാദനം സ്തംഭിച്ചതിനാൽ ഇന്ന് ഓപ്പണിംഗ് വേളയിൽ ക്രൂഡ് 63.15 ഡോളറിലേക്ക് കുതിക്കാം. വിലക്കയറ്റം കണ്ട് ഫണ്ടുകളും ഊഹക്കച്ചവടക്കാരും ഷോട്ട് കവറിംഗിന് ഇറങ്ങിയാൽ 67.23 ഡോളറായി ഉയരും. ഇതിനിടെ വിപണിയുടെ അടിയൊഴുക്ക് ശക്തമായാൽ ക്രൂഡ് ഓയിൽ 74.74 ഡോളർ വരെ മുന്നേറാം.
ബോംബെ സെൻസെക്സും നിഫ്റ്റിയും ഇന്ന് ശക്തമായ ഓപ്പണിംഗ് കാഴ്ചവയ്ക്കാം. എന്നാൽ, മുന്നേറ്റത്തിന് അല്പായുസ് മാത്രമേ കണക്കുകൂട്ടാനാകൂ. നിഫ്റ്റി സൂചിക പിന്നിട്ടവാരം 129 പോയിന്റ് നേട്ടത്തിലാണ്. 10,946ൽനിന്നുള്ള കുതിപ്പിൽ സൂചിക 11,084 വരെ കയറി. ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയതിനാൽ മുൻവാരം സൂചിപ്പിച്ച 11,107ലെ തടസം മറികടക്കാനുള്ള ഊർജം ലഭ്യമായില്ല. വാരാന്ത്യം നിഫ്റ്റി 11,075 പോയിന്റിലാണ്. ഈ വാരം 11,193 ലെ പ്രതിരോധം മറികടന്നാൽ അടുത്ത തടസം 11,220 റേഞ്ചിലാണ്. ഈ നിർണായക തടസം തകർക്കാനുള്ള കരുത്ത് തത്കാലം കുറവാണ്. അതുകൊണ്ടുതന്നെ ഓപ്പറേറ്റർമാർ ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്ടിക്കാം. അത്തരം ഒരു നീക്കം നിഫ്റ്റിയെ 10,966-10,857 റേഞ്ചിലേക്ക് തിരിക്കാം.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണെങ്കിലും 11,247 പോയിന്റ് മറികടന്നാൽ മുൻനിര ഓഹരികളിൽ നിക്ഷേപം ശക്തമാകാം. പാരാബോളിക് എസ്എആർ തുടർച്ചയായ രണ്ടാം വാരവും ബുള്ളിഷാണ്. അതേസമയം വീക്ക്ലി ചാർട്ടിൽ എംഎസിഡി ബിയറിഷ് മൂഡിലാണ്. നിഫ്റ്റിയുടെ 50 ഡി എംഎ 11,204 പോയിന്റിലും 200 ഡിഎംഎ 11,222 പോയിന്റിലുമാണ്.
ബോംബെ സെൻസെക്സ് 36,982 പോയിന്റിൽനിന്ന് ഒരു വേള 37,430ലേക്ക് മുന്നേറിയെങ്കിലും വാരാവസാനം 37,385ലാണ്. ഈ വാരം 37,012 ലെ സപ്പോർട്ട് നിലനിർത്തി 37,594ലേക്കും തുടർന്ന് 37,803ലേക്കും ഉയരാനാകും ആദ്യനീക്കം. ആദ്യ രണ്ടു പ്രതിരോധവും തകർക്കാനായാൽ 38,385 വരെ സൂചികയ്ക്ക് ഉയരാനാവും. അതേസമയം, ആദ്യ സപ്പോർട്ട് നഷടപ്പെട്ടാൽ 36,639ലേക്ക് സൂചിക തളരാം. ആഭ്യന്തരഫണ്ടുകൾ ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിക്കാം. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ ചലനങ്ങൾ കണ്ട് വിദേശ ഓപ്പറേറ്റർമാർ ഒരിക്കൽക്കൂടി വില്പനക്കാരായി മാറാനും ഇടയുള്ളതിനാൽ പ്രാദേശിക ഇടപാടുകാർ കരുതലോടെ നീക്കങ്ങൾ നടത്തുക.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഈ മാസം ആദ്യ പകുതിയിൽ 1841 കോടി രൂപയുടെ ഓഹരി വാങ്ങി. ഓഗസ്റ്റിൽ അവർ 5,920.02 കോടി രൂപയും ജൂലൈയിൽ 2,985.88 കോടി രൂപയും ഓഹരിയിൽ നിന്നും കടപത്രത്തിൽനിന്നും പിൻവലിച്ചിരുന്നു.
അന്താരാഷ്ട്ര നാണ്യനിധി നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചനം 0.3 ശതമാനം കുറച്ചു. വളർച്ച പ്രതീക്ഷിച്ചത് ഏഴര ശതമാനമാണെങ്കിലും പുതിയ സാഹചര്യത്തിൽ 7.2 ശമാനമാകും.