മുകേഷ് അംബാനിക്കു മറുപടിയുമായി ഫേസ്ബുക്ക്; ഡേറ്റ തളച്ചിടാനുള്ളതല്ല
Thursday, September 12, 2019 11:25 PM IST
മുംബൈ: അതിർത്തികൾക്കുള്ളിൽ തളച്ചിടാതെ ഡേറ്റായുടെ ഒഴുക്ക് സുഗമമാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നു ഫേസ്ബുക്ക് വൈസ്പ്രസിഡന്റ് നിക് ക്ലെഗ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യക്കാർ തന്നെയാണ് സൂക്ഷിക്കേണ്ടതെന്നും ആഗോള കോർപറേറ്റുകൾ അതു കൈകാര്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നുമുള്ള മുകേഷ് അംബാനിയുടെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് ഫേസ്ബുക്ക് നിലപാടറിയിച്ചത്.
ഉപയോക്താക്കളുടെ അവകാശങ്ങളും അധികാരങ്ങളും പരിഗണിക്കുകയും അതേസമയംതന്നെ എല്ലാവർക്കും ഒരുപോലെ ലഭ്യവുമായ ഒരു ഇന്റർനെറ്റ് സംസ്കാരം രൂപപ്പെടുത്തുകയാണു വേണ്ടത്. അവിടെ മത്സരത്തിനും കണ്ടുപിടിത്തങ്ങൾക്കുമൊക്കെ സ്ഥാനമുണ്ടാവണം. നിശ്ചിത അതിർത്തിക്കുള്ളിൽ സൂക്ഷിച്ചുവയ്ക്കേണ്ട ‘പുതിയ എണ്ണയാണ്’ ഡേറ്റയെന്നാണ് ഇന്ത്യയിലുള്ള പലരുടെയും ധാരണ. അതു തെറ്റാണ്.
അതിർത്തികൾക്കുമപ്പുറം സ്വതന്ത്രമായി സഞ്ചരിക്കുന്നിടത്താണ് ഡേറ്റയുടെ കാര്യക്ഷമത പൂർണമായി പുറത്തുവരിക- നിക് പറഞ്ഞു. രാജ്യത്തു പേമെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് വിദേശ കന്പനികൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നതടക്കമുള്ള റിസർവ് ബാങ്ക് ചട്ടങ്ങൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കന്പനികൾക്കു തിരിച്ചടിയായിരുന്നു.
ചട്ടങ്ങൾ പൂർണമായി പാലിക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ പേമെന്റ് സർവീസിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളും ഫേസ്ബുക്കിന്റെ പ്രതികരണത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ.