ഏലക്കാ വിളവെടുപ്പ് തുടങ്ങി; മോഷണം വ്യാപകം
Monday, August 26, 2019 12:18 AM IST
കട്ടപ്പന: റിക്കാർഡുകൾ ഓരോ ദിവസവും തിരുത്തി മുന്നേറിയ ഏലക്കാവില കുത്തനെ ഇടിഞ്ഞുതുടങ്ങി. സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ രണ്ടാഴ്ചയ്ക്കിടെ 1500ൽപരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ശരാശരിവില കിലോഗ്രാമിന് 2,500 രൂപയാണ്. വിളവെടുത്ത ഏലക്ക വിപണിയിൽ എത്തിത്തുടങ്ങിയതോടെ വില വീണ്ടും ഇടിയുമെന്നാണ് കരുതുന്നത്. 2000 രൂപയിൽ താഴെ വിലയെത്തുമെന്നും വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇ-ലേലത്തിൽ വിലയുടെ കുതിപ്പ് തുടങ്ങിയത്. ശരാശരി വില 1500 രൂപയിൽനിന്നു നാലു മാസംകൊണ്ട് 4700-ലെത്തി. ഉയർന്ന വില 7000 രൂപയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ 16 മുതൽ വില ഇടിഞ്ഞുതുടങ്ങി. അതേസമയം, ലേലകേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കയുടെ അളവിൽ വർധനയുണ്ടായിട്ടില്ല.
ഇപ്പോൾ ആഭ്യന്തര വിപണിയിലും ഇ-ലേല കേന്ദ്രങ്ങളിലും വില്പനയ്ക്കെത്തുന്നതു പുതിയ ഏലക്കയാണ്. ചെറുകിട ഏലം കർഷകരുടെ ഉത്പന്നങ്ങൾ കൂടുതലായി ആഭ്യന്തര വിപണികളിലാണു വിൽക്കുന്നത്.
വിളവെടുപ്പ് ആരംഭിച്ചതോടെ തോട്ടങ്ങളിൽ മോഷണവും വ്യാപകമായി. ഉറക്കമിളച്ചു തോട്ടങ്ങൾക്കും പുരയിടങ്ങൾക്കും കാവൽ നിൽക്കേണ്ട ഗതികേടാണു കർഷകർക്ക്. വൻകിട തോട്ടമുടമകൾ നിരവധി പേരെ തോട്ടത്തിനു ചുറ്റും കാവൽ നിർത്തിയിരിക്കുകയാണ്. ഇവരുടെ കണ്ണുവെട്ടിച്ചു തസ്കരസംഘം ഏലക്ക മോഷ്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ തോട്ടങ്ങളാണു മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത്. പോലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തോട്ടത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും പ്രയോജനമില്ലെന്ന് ഉടമകൾ പറയുന്നു.