ടാറ്റ - എയർടെൽ ലയനത്തിന് അനുമതി
Friday, April 12, 2019 12:26 AM IST
മുംബൈ: ടാറ്റ ടെലി സർവീസസും ഭാരതി എയർടെലും തമ്മിലുള്ള ലയനത്തിന് ടെലികോം മന്ത്രാലയം അനുമതി നല്കി. 7,200 കോടി രൂപയുടെ ബാങ്ക് ഗാരണ്ടി എയർടെൽ നല്കണമെന്ന വ്യവസ്ഥയോടെയാണ് ടെലികോം മന്ത്രാലയം അനുമതി നല്കിയത്. ഇരുകന്പനികളും തമ്മിലുള്ള കേസുകളിൽ ധാരണയായതു സംബന്ധിച്ച വിവരങ്ങൾ രേഖാമൂലം അറിയിക്കണമെന്നും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.ലയനം യാഥാർഥ്യമാകുന്നതോടെ 19 ടെലികോം സർക്കിളുകളിലുള്ള ടാറ്റയുടെ ബിസിനസ് മുഴുവൻ എയർടെലിനു സ്വന്തമാകും.
ഇതോടൊപ്പം ടാറ്റയുടെ സ്പെക്ട്രം ഇടപാടുകളിലുള്ള ബാധ്യതകളും എയർടെലിന്റെ പേരിലാകും. 4 ജിക്കായി വ്യാപകമായി ഉപയോഗിക്കുന്ന 1800, 2100, 850 മെഗാഹേർട്സ് ബാൻഡുകളിൽ 178.5 മെഗാഹേർട്സ് സ്പെക്ട്രം അധികമായി ലഭിക്കുമെന്നതാണ് ലയനത്തിലൂടെ എയർടെലിനു ലഭിക്കുന്ന പ്രധാന നേട്ടം.