മോദിക്ക് അമേരിക്കയിൽ ഊഷ്മള സ്വീകരണം
Friday, February 14, 2025 4:42 AM IST
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം പുലര്‍ച്ചെ നാലോടെ വൈറ്റ്ഹൗസിലാണു കൂടിക്കാഴ്ച.
ട്രംപ് രണ്ടാമത് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ട്രംപിന്റെ വിവാദമായ വ്യാപാര, കുടിയേറ്റ നയങ്ങൾ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദി തങ്ങുന്നത്. അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബ്ലെയർ ഹൗസിൽ മോദി എത്തിയപ്പോൾ ഇന്ത്യൻ-അമേരിക്കൻ പ്രവാസികൾ അദ്ദേഹത്തിന് ഉജ്വല സ്വീകരണമാണ് നൽകിയത്.