യുദ്ധഭീതിയിൽ ബന്ദികളുടെ കുടുംബം
Thursday, February 13, 2025 3:14 AM IST
ടെൽ അവീവ്: ഇടവേളയ്ക്കുശേഷം ഗാസയിൽ യുദ്ധം പുനരാരംഭിക്കാൻ പോകുന്നുവെന്ന വാർത്ത ആശങ്കയിലാഴ്ത്തുന്നത് ബന്ദികളുടെ കുടുംബങ്ങളെക്കൂടിയാണ്. വെടിനിർത്തൽ കരാർ പാലിക്കുന്നില്ലെന്നാരോപിച്ച് ഇരുപക്ഷവും യുദ്ധത്തിനു കോപ്പുകൂട്ടുമ്പോൾ ബന്ദിമോചനവും വൈകുകയാണ്.
ഹമാസ് മോചിപ്പിച്ച ബന്ദികൾ പുറത്തുവരുമ്പോൾ അവർ തടവിലനുഭവിച്ച ക്രൂരപീഡനങ്ങൾകൂടിയാണ് വെളിപ്പെടുന്നത്.
നീണ്ട 16 മാസങ്ങൾക്കുശേഷമാണ് തന്റെ 24 വയസുള്ള മകൻ അലോൺ ഓഹൽ ജീവനോടുണ്ടെന്ന ആശ്വാസ വാർത്ത ഇദിത് ഓഹൽ അറിയുന്നത്. എന്നാൽ, അലോണിന്റെ പീഡാനുഭവം കേട്ടപ്പോൾ താൻ ബോധംകെട്ടുവീണുവെന്ന് ഇദിത് ഓഹൽ പറയുന്നു. ഭൂഗർഭ തുരങ്കത്തിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അലോണിന്റെ ഭക്ഷണം എല്ലാ ദിവസവും ഒരു കഷണം റൊട്ടിയാണ്. ചിലപ്പോൾ അതുപോലുമുണ്ടാകില്ല. അവൻ 493 ദിവസം സൂര്യപ്രകാശം കണ്ടിരുന്നില്ലെന്നും ഇദിത് മാധ്യമങ്ങളോടു പറഞ്ഞു.
ശനിയാഴ്ച മോചിപ്പിക്കപ്പെട്ട ഓർ ലെവി, എലി ഷറാബി എന്നിവർക്കൊപ്പമാണ് അലോണിനെയും എലിയ കോഹനെയും ഹമാസ് ബന്ധികളാക്കിയത്. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ കോഹനെ വിട്ടയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഓഹലിനെ മോചിപ്പിക്കും. കോഹന്റെ ഭാരം 20 കിലോയിലേറെ കുറഞ്ഞുവെന്നും കാലിൽ വെടിയുണ്ട ഉണ്ടായിരുന്നെങ്കിലും വൈദ്യസഹായം ലഭിച്ചില്ലെന്നും തിരിച്ചെത്തിയ ബന്ദികൾ പറഞ്ഞു. ഗാസയിൽ ഉരുണ്ടുകൂടുന്ന യുദ്ധഭീതി ബന്ദികളുടെ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
വെടിനിർത്തൽകരാർ ഉപേക്ഷിക്കരുതെന്നും സാധ്യമെങ്കിൽ ബന്ദികളുടെ മോചനം വേഗത്തിലാക്കണമെന്നുമാണു തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അഭ്യർഥിക്കുന്നത്.
ശനിയാഴ്ച മോചിതരായ മൂന്നുപേരുടെ ക്ഷീണിതാവസ്ഥ ശേഷിക്കുന്ന ബന്ദികളുടെ കുടുംബങ്ങളെയും ഭയപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ബന്ദികളുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ. ഇസ്രയേൽ ബന്ദികളാക്കിയ 2,000 പലസ്തീൻകാരുടെ ബന്ധുക്കളും ആശങ്കയിലാണ്. ശത്രുക്കൾ അവരോട് ഏത് തരത്തിൽ പെരുമാറുമെന്ന് അവർ ഭയപ്പെടുന്നു.