വിക്ടർ അംബ്രോസിനും ഗാരി റോവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ
Monday, October 7, 2024 11:27 PM IST
സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ അമേരിക്ക പൗരന്മാരായ വിക്ടർ അംബ്രോസും ഗാരി റോവ്കുനും ചേർന്നു പങ്കിട്ടു.
മൈക്രോ ആർഎൻഎകളുടെ കണ്ടെത്തലിനും ജീനുകളുടെ അടിസ്ഥാനപരമായ പ്രവർത്തനത്തെ അവ എങ്ങനെ നിയന്ത്രിക്കുന്നുവെന്നു തിരിച്ചറിഞ്ഞതിനുമാണു പുരസ്കാരം.
ജീവജാലങ്ങൾ എങ്ങനെ പരിണമിച്ചുവെന്നും ശരീരത്തിലെ വിവിധ അവയവങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കണ്ടെത്താൻ മൈക്രോ ആർഎൻഎകളുടെ കണ്ടെത്തൽ നിർണായകമായതായി നൊബേൽ സമിതി പറഞ്ഞു.
ഹാർവാർഡ് സർവകലാശാലയിലാണു വിക്ടർ അംബ്രോസ് തന്റെ ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രഫസർ ആണ് ഇദ്ദേഹം.
ജനിതകശാസ്ത്രത്തിന്റെ പ്രഫസറായ റോവ്കുൻ തന്റെ ഗവേഷണം നടത്തിയത് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലും ഹാർവാർഡ് മെഡിക്കൽ സ്കൂളിലുമാണ്.
ഭൗതികശാസ്ത്ര നൊബേൽ ഇന്നും രസതത്ര നൊബേൽ നാളെയും പ്രഖ്യാപിക്കും. വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള നൊബേൽ സമ്മാനത്തിന്റെ പ്രഖ്യാപനുണ്ടാകും.ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.