ഗാസയിലും ബെയ്റൂട്ടിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ
Monday, October 7, 2024 4:21 AM IST
ഗാസ: യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ വടക്കൻ ഗാസയിലും തെക്കൻ ബെയ്റൂട്ടിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസ മുനമ്പിൽ അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന മോസ്കിനു നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ദെയ്ർ അൽ-ബലാഹിലെ പ്രധാന ആശുപത്രിക്ക് സമീപമുള്ള മോസ്കിനു നേർക്കായിരുന്നു ആക്രമണം.
യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തവർ കഴിഞ്ഞിരുന്ന അഭയകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ദെയ്ർ അൽ-ബലാഹിലെ ടൗണിലെ അഭയകേന്ദ്രമായ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തീവ്രവാദികൾക്ക് നേർക്കാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകൾ പുറത്തുവിട്ടിട്ടില്ല.
മോസ്കിൽ കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരായിരുന്നെന്ന് ആശുപത്രി രേഖകൾ കാണിക്കുന്നു. വടക്കൻ ഗാസയിലെ ജബാലിയയിൽ വീണ്ടും കര, വ്യോമ ആക്രമണങ്ങൾക്ക് ഇസ്രയേൽ തയാറെടുക്കുകയാണ്. പ്രദേശത്ത് ടാങ്കുകൾ നീങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ജബാലിയ വളഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
തങ്ങൾ യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലാണെന്നും ഈ പ്രദേശങ്ങൾ അപകടമേഖലയാണെന്നും സൈന്യം ഇവിടെ വിതറിയ നോട്ടീസിൽ പറയുന്നു. വടക്കൻ ഗാസയിലുടനീളം കനത്ത ആക്രമണം നടക്കുന്നതായാണു പലസ്തീൻ നിവാസികൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ബോംബ് ആക്രമണത്തിൽ തകർന്നു. ജബാലിയയിലെ വീടിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ തന്റെ മാതാപിതാക്കളടക്കം 12ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി പലസ്തീൻ നിവാസി ഇമാദ് അലരബിദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്വതന്ത്ര ടിവി ജേർണലിസ്റ്റായ ഹസൻ ഹംദ് ജബാലിയയിലെ അദ്ദേഹത്തിന്റെ വീടിനു നേരേയുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിലേക്ക് ആളുകൾ നീങ്ങണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ ഇതിനകംതന്നെ ഇവിടെ അഭയം തേടിയിട്ടുണ്ട്. കൂടാരമടിച്ചുകഴിയുന്ന ഇവിടെ ഭക്ഷണമോ വെള്ളമോ ശൗചാലയങ്ങളോ ഒന്നുമില്ലെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷം തികയുന്ന യുദ്ധത്തിൽ ഇതുവരെ ഗാസയിൽ 42,000 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണ്. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ കനത്ത ബോംബ് ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. കഴിഞ്ഞ ഒറ്റ രാത്രിയിൽ 30 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ട് വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേയിലെ ഗ്യാസ് സ്റ്റേഷനും മെഡിക്കൽ സാധനങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസും ലക്ഷ്യമിട്ടതായി ഏജൻസി അറിയിച്ചു.