ഇസ്രയേലിൽ അനുസ്മരണ പരിപാടികൾ
Monday, October 7, 2024 4:21 AM IST
ടെൽ അവീവ്: ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് ഇസ്രയേലിലുടനീളവും ലോകത്തിന്റെ പല ഭാഗങ്ങളിലും അനുസ്മരണച്ചടങ്ങുകൾ നടക്കും. പലസ്തീൻ തീവ്രവാദികൾ ഏറ്റവും കൂടുതൽ നാശം വിതച്ച സെദറോത്ത് നഗരത്തിലെ ചടങ്ങിന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് നേതൃത്വം നല്‍കും.
നൂറിലധികംപേർ കൊല്ലപ്പെട്ട കിബ്ബുട്സ് ബേരിയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള റാലി സംഘടിപ്പിക്കുന്നുണ്ട്. നൂറുകണക്കിനു പേർ കൊല്ലപ്പെട്ട കിബ്ബുട്സ് റെയിമിലെ നൊവാ സംഗീതോത്സവവേദിയിലും അനുസ്മരണ പരിപാടികൾ നടത്തുന്നുണ്ട്.
ഇസ്രയേലിന്റെ വാണിജ്യതലസ്ഥാനമായ ടെൽ അവീവിൽ ഇന്നലെത്തന്നെ അനുസ്മരണ പരിപാടികൾ തുടങ്ങി. ഗാസയിൽ ബന്ദികളായി തുടരുന്ന ഇസ്രേലികളെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഇന്നലെ റാലി നടത്തി. ഭീകരാക്രമണത്തിന്റെ മുറിവുകൾ ഉണങ്ങില്ലെന്ന് പ്രസിഡന്റ് ഹെർസോഗ് പുറപ്പെടുവിച്ച അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.