ഹൂതി കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
Saturday, October 5, 2024 10:49 PM IST
ദോഹ: യെമനിലെ ഹൂതിവിമതർക്കു നേരേ അമേരിക്ക ആക്രമണം നടത്തി. യുദ്ധവിമാനങ്ങളും കപ്പലുകളും പങ്കെടുത്ത ആക്രമണത്തിൽ ഹൂതികളുടെ 15 കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ നാവികസേന അറിയിച്ചു.
തലസ്ഥാനമായ സനാ അടക്കം യെമനിലെ പ്രധാന നഗരങ്ങളിലെല്ലാം സ്ഫോടനമുണ്ടായി. നാവികസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അമേരിക്കൻ സേന പറഞ്ഞു.
ഹൂതികൾ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞവർഷം നവംബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകൾ ആക്രമിക്കുന്നുണ്ട്. രണ്ടു കപ്പലുകൾ മുങ്ങി.
തിങ്കളാഴ്ച ഹൂതികൾ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു.