ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടു
Friday, October 4, 2024 3:45 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് പ്രധാനമന്ത്രിയെന്നു വിശേഷിക്കപ്പെടുന്ന റൗഹി മുഷ്താഹ അടക്കം മൂന്ന് ഉന്നത ഭീകരരെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. മൂന്നു മാസം മുന്പ് ഗാസയിൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഹമാസ് പോളിറ്റ് ബ്യൂറോ അംഗം സമേ അൽ സിറാജ്, ഉന്നത കമാൻഡർ സമി ഔദേ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഹമാസിനെ ഇപ്പോൾ നയിക്കുന്ന യഹിയ സിൻവറിന്റെ വലംകൈ ആയിരുന്നു റൗഹി മുഷ്താഹ. ഏറ്റവും മുതിർ നേതാക്കളിലൊരാളായ ഇയാൾ ഹമാസ് പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്നു. ഹമാസിന്റെ സൈനിക, സാന്പത്തിക തീരുമാനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 2015ൽ അമേരിക്ക മുഷ്താഹയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ട സമേ അൽ സിറാജ് ആണ് ഹമാസ് പോളിറ്റ് ബ്യൂറോയിൽ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സൗമി ഔദ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ നേതാവായിരുന്നു.
ഒരു വർഷത്തോട് അടുക്കുന്ന ഗാസാ യുദ്ധത്തിൽ ഹമാസിന്റെ ഉന്നത നേതാക്കളിൽ ഭൂരിഭാഗത്തെയും ഇസ്രേലി സേന വധിച്ചുകഴിഞ്ഞു. ഗാസയിൽ 41,788 പലസ്തീനികളൊണ് ആകെ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സാധാരണ ജനങ്ങളാണ്.