ചേഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിന്
Friday, October 4, 2024 3:45 AM IST
ലണ്ടൻ: പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിനു വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്തും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിയേഗോ ഗാർസിയ ദ്വീപിലെ യുഎസ് സൈനിക താവളം നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.
ആഫ്രിക്കയിലെ അവസാന കോളനി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചേഗോസ് ദ്വീപുകൾ അഞ്ചര പതിറ്റാണ്ടായി ബ്രിട്ടന്റെ കീഴിലാണ്. 1968ൽ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടാനായി ദ്വീപുകളുടെ അവകാശം വിട്ടുകൊടുക്കേണ്ടിവരികയായിരുന്നു. അടുത്തകാലത്ത് യുൻ പൊതുസഭയും കോടതിയും ദ്വീപുകളുടെ അവകാശം മൗറീഷ്യസിനാണെന്നു വ്യക്തമാക്കിയിരുന്നു.
അവകാശകൈമാറ്റത്തിനുള്ള കരാർ വൈകാതെ ഉണ്ടാക്കുമെന്നു ബ്രിട്ടീഷ്, മൗറീഷ്യസ് നേതൃത്വം വ്യക്തമാക്കി. ദ്വീപുകളുടെ ഭാഗമായ ഡിയേഗോ ഗാർസിയയിൽ അമേരിക്കൻ സേനയെ 99 വർഷംകൂടി തുടരാൻ അനുവദിക്കും. ബ്രിട്ടീഷ് തീരുമാനം ചരിത്രപരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ചേഗോസ് ദ്വീപ് നിവാസികളുടെ ക്ഷേമം ഉറപ്പാക്കാനും തീരുമാനമുണ്ട്. ഇതിനായി മൗറീഷ്യസിനു ബ്രിട്ടൻ സാന്പത്തികസഹായം നല്കും.