ഇറാൻ, ചൈന, ഉത്തരകൊറിയ; ചാരന്മാരെ തേടി സിഐഎ
Friday, October 4, 2024 3:45 AM IST
വാഷിംഗ്ടൺ ഡിസി: ചൈന, ഇറാൻ, ഉത്തരകൊറിയ രാജ്യങ്ങളിൽനിന്നു രഹസ്യവിവരം ചോർത്തിത്തരാൻ താത്പര്യമുള്ളവരെ ക്ഷണിച്ച് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ പരസ്യം.
ഈ രാജ്യങ്ങളിലുള്ളവർക്ക് സുരക്ഷിതമായി ബന്ധപ്പെടാനുള്ള മാർഗങ്ങൾ സിഐഎയുടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഡാർക്വെബിലും പ്രസിദ്ധീകരിച്ചു. കൊറിയൻ, ചൈനയിലെ മണ്ഡാരിൻ, ഇറാനിലെ ഫാർസി ഭാഷകളിലാണ് നിർദേശങ്ങൾ. ചാരന്മാരുടെ സുരക്ഷയും ക്ഷേമവും സിഐഎ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം നടത്തിയപ്പോഴും സിഐഎ സമാന നീക്കം നടത്തിയിരുന്നു. ഇതിന്റെ വിജയമാണു പദ്ധതി വ്യാപിപ്പിക്കാൻ പ്രേരകമായത്.