ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 27ന്: ഷിഗേരു ഇഷിബ
Tuesday, October 1, 2024 2:01 AM IST
ടോക്കിയോ: ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 27ന് നടത്തുമെന്ന് സൂചിപ്പിച്ച് ഭരണകക്ഷി തലവനും നിയുക്ത പ്രധാനമന്ത്രിയുമായ ഷിഗേരു ഇഷിബ.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായി ഇഷിബ വെള്ളിയാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഫുമിയോ കിഷിദയുടെ പിൻഗാമിയായി ഇഷിബ അധികാരമേൽക്കും.
കാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപന വേളയിലാണ് ഇഷിബ തെരഞ്ഞെടുപ്പ് തീയതി പരാമർശിച്ചത്. ആദ്യ വനിതാപ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന സനയെ തകായിചിയെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് ഇഷിബ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായത്.
പ്രതിരോധനയ വിദഗ്ധൻകൂടിയായ ഇഷിബ നാറ്റോ സൈനിക സഖ്യത്തിന്റെ ഏഷ്യൻ പതിപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. ജനപ്രീതി കുറഞ്ഞതു മനസിലാക്കി സ്ഥാനമൊഴിയുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സാമ്പത്തിക നയങ്ങൾതന്നെയാവും പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1986ലാണ് ഇഷിബ ആദ്യമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധ മന്ത്രിയായും കൃഷി മന്ത്രിയായും പ്രധാന കാബിനറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ, മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കീഴിൽ എൽഡിപി സെക്രട്ടറി ജനറലുമായിരുന്നു.