പ്രളയം: നേപ്പാളിൽ മരണം 200 കടന്നു
Tuesday, October 1, 2024 2:01 AM IST
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. തുടർച്ചയായ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. 33 പേരെ ഇനിയും കണ്ടെത്താനുണ്ട്. 89 പേർക്കു പരിക്കേറ്റു. അനവധി റോഡുകളും പാലങ്ങളും തകർന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചു.
ഭക്ഷണവും കുടിവെള്ളവുമില്ലാതെ നൂറുകണക്കിനു പേർ വലയുന്നു. പ്രളയത്തെത്തുടർന്ന് ഇന്ത്യയിൽനിന്നും നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പച്ചക്കറിയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും നീക്കം താത്കാലികമായി നിലച്ചതോടെ വിപണിയിൽ വിലക്കയറ്റമാണ്.
1100 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 20 ജലവൈദ്യുത പ്ലാന്റുകൾക്ക് പ്രളയത്തിൽ സാരമായ കേടുപാടുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്കു കാരണമായത്. കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയാണ്.