ഭീതിയൊഴിയാതെ ലബനൻ
Friday, September 20, 2024 1:06 AM IST
ബെയ്റൂട്ട്: രണ്ടു ദിവസങ്ങളിലായി നടന്ന ആയിരക്കണക്കിനു സ്ഫോടനങ്ങൾ ലബനീസ് ജനതയെ ഭീതിയിലാഴ്ത്തിയതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കണ്ണിനും കൈകൾക്കും പരിക്കേറ്റവർ തെരുവുകളിൽ നടക്കുന്ന ദൃശ്യങ്ങൾ പേടിപ്പിക്കുന്നതായി ലബനീസ് ജനത പാശ്ചാത്യ റിപ്പോർട്ടർമാരോടു പറഞ്ഞു. ആളുകൾക്ക് അടുത്തടുത്ത് നിൽക്കാൻ കൂടി പേടി; ലാപ്ടോപ്പും ഫോണും ഉപയോഗിക്കാൻ പേടി.
വീടുകളിലും കടകളിലും വാഹനങ്ങളിലും സ്ഫോടനമുണ്ടായി. രാജ്യം മുഴുവൻ നേരിട്ട ആക്രമണത്തിൽ ലബനീസ് ജനത കടുത്ത അമർഷം പ്രകടിപ്പിച്ചു. സംശയാസ്പദമായ പേജറുകളും മറ്റ് ഉപകരണങ്ങളും ലബനീസ് സേന നശിപ്പിക്കാൻ തുടങ്ങി.
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട സ്ഫോടനങ്ങളിൽ മരണം 37 ആയി. ചൊവ്വാഴ്ച പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 200 പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 25 പേരാണു മരിച്ചത്; 600 പേർക്കു പരിക്കേറ്റു.
സ്ഫോടനത്തിനിരയായ ഒട്ടുമിക്കവരുടെയും പരിക്ക് മുഖത്തും കൈകളിലുമാണ്. ഒട്ടേറെപ്പേർക്ക് കണ്ണും വിരലും നഷ്ടമായായെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇസ്രയേൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
പേജറിന് നിരോധനം
ബെയ്റൂട്ടിലെ റഫീക് ഹരീരി വിമാനത്താവളത്തിൽ പേജറുകളും വാക്കിടോക്കികളും നിരോധിച്ചു. ഇവ കൊണ്ടുവരരുതെന്ന് യാത്രക്കാരോട് നിർദേശിച്ചു. കൊണ്ടുവന്നാൽ പിടിച്ചെടുക്കും. ലബനനിലെ പ്രവർത്തനക്ഷമമായ ഏക വിമാനത്താവളമാണിത്.
ഏറ്റുമുട്ടൽ
ഹിസ്ബുള്ള ഭീകരരും ഇസ്രേലി സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനു ശമനമില്ല. തെക്കൻ ലബനനിൽ ഹിസ്ബുള്ളകളുടെ ഏഴു കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. ആയുധസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലബനനിൽനിന്നുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് ഇസ്രേലികൾക്കു പരിക്കേറ്റു.
നാണക്കേട്
ലബനനിലെ സമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഹിസ്ബുള്ളകളെ നാണം കെടുത്തുന്നതായിരുന്നു രണ്ടു ദിവസത്തെ സ്ഫോടനങ്ങൾ.
പേജറുകളും വാക്കിടോക്കികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഹിസ്ബുള്ളകളുടെ ആശയവിനിമയസംവിധാനം തകരാറിലാക്കി.