മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
Thursday, September 19, 2024 2:19 AM IST
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്താഴ്ച നടക്കാനിരിക്കുന്ന മോദിയുടെ മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടതിനു ശേഷമുള്ള ആദ്യ പ്രചാരണ പരിപാടിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞത്. വ്യാപാരബന്ധത്തിൽ ഇന്ത്യയെ വിമർശിച്ച ട്രംപ്, പക്ഷേ മോദി ഒരു അതിശയമാണെന്ന് പറഞ്ഞു.
ഈ മാസം 21 മുതൽ 23 വരെയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. എന്നാൽ, ട്രംപിന്റെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ക്വാഡ് ഉച്ചകോടിയിലാണ് മോദി ആദ്യം പങ്കെടുക്കുക.
തുടർന്ന് ന്യൂയോർക്കിൽ പോകുന്ന മോദി ലോംഗ് ഐലൻഡിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അടുത്ത ദിവസം യുഎൻ ആസ്ഥാനത്ത് ഉച്ചകോടിയിൽ പങ്കെടുക്കും.