മാലി സൈനിക പരിശീലനകേന്ദ്രത്തിൽ ആക്രമണം
Wednesday, September 18, 2024 1:32 AM IST
ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ആയുധധാരികൾ സൈനിക പരിശീലനകേന്ദ്രം ആക്രമിച്ചു. തലസ്ഥാനമായ ബാമക്കോയിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ വെടിയൊച്ചകൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. വർഷങ്ങളായി ഇസ്ലാമിക ഭീകരരുടെ ആക്രമണം നേരിടുന്ന രാജ്യമാണു മാലി.
തീവ്രവാദികളെ അമർച്ച ചെയ്യാൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സർക്കാരിനെ അട്ടിമറിച്ച പട്ടാളമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. എന്നാൽ തീവ്രവാദത്തിനു കുറവുണ്ടായിട്ടില്ല.