കമലയെയും ട്രംപിനെയും വിമർശിച്ച് മാർപാപ്പ
Sunday, September 15, 2024 12:05 AM IST
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്ന കമല ഹാരിസും ഡോണൾഡ് ട്രംപും ‘ജീവനെ’ എതിർക്കുന്നവരാണെന്നും അമേരിക്കൻ വോട്ടർമാർ ഇവരിൽ ദുഷ്ടത്തരം കുറഞ്ഞയാൾക്ക് വോട്ട് ചെയ്യണമെന്നും ഫ്രാൻസിസ് മാർപാപ്പ.
12 ദിവസം നീണ്ട അപ്പസ്തോലികപര്യടനം പൂർത്തിയാക്കിയ മാർപാപ്പ റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
കമല ഹാരിസിന്റെയും ഡോണൾഡ് ട്രംപിന്റെയും പേരെടുത്തു പറയാതെയായിരുന്നു മാർപാപ്പയുടെ വിമർശനം.
കുടിയേറ്റക്കാരെ സ്വീകരിക്കാതിരിക്കൽ വലിയ തിന്മയാണെന്ന് ട്രംപിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ഗർഭച്ഛിദ്രം കൊലപാതകമാണെന്ന് കമല ഹാരിസിന്റെ ഗർഭച്ഛിദ്രാനുകൂല നിലപാടിനെ പരാമർശിച്ചും പറഞ്ഞു.
കുടിയേറ്റക്കാരെ ചവിട്ടിപ്പുറത്താക്കുന്നയാളും ശിശുക്കളെ വധിക്കുന്നയാളും ജീവനെതിരാണ്. ഗർഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് കൊലപാതകമാണ്. അതേസമയം, അമേരിക്കക്കാർ വോട്ട് ചെയ്യാതിരിക്കരുതെന്നും ചെറിയ ദുഷ്ടനെ തെരഞ്ഞെടുക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കുന്നത് അപൂർവമാണ്. കുടിയേറ്റവിരുദ്ധനായ ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് 2016ലെ തെരഞ്ഞെടുപ്പിൽ മാർപാപ്പ വിമർശിച്ചിരുന്നു.
നോത്ര്ദാം കൂദാശയിൽ പങ്കെടുക്കില്ല; ചൈന സന്ദർശിക്കാൻ ആഗ്രഹം
ഡിസംബർ എട്ടാം തീയതി പാരീസിലെ നോത്ര്ദാം ബസിലിക്കയുടെ കൂദാശാകർമത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
ചൈന സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു. ചൈനയുമായി നടക്കുന്ന സംവാദങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച മാർപാപ്പ മഹത്തായ ആ രാജ്യത്തെ താൻ വിലമതിക്കുന്നതായും വ്യക്തമാക്കി.
ഗാസയിൽ നടക്കുന്ന യുദ്ധം അതിഭീകരമാണെന്ന് ആവർത്തിച്ച മാർപാപ്പ താൻ ദിവസേന ഗാസയിലെ ഏക ഇടവകപ്പള്ളിയിലേക്കു വിളിക്കാറുണ്ടെന്നു പറഞ്ഞു. അവിടത്തെ പള്ളിയിലും പള്ളിക്കൂടത്തിലുമായി ക്രൈസ്തവരും മുസ്ലിംകളുമായ 600 പേർ അഭയം തേടിയിട്ടുണ്ട്.
യുദ്ധത്തെക്കാൾ സാഹോദര്യമാണ് പ്രധാനം. യുദ്ധത്തിൽ വിജയിക്കുന്നവർ ആത്യന്തികമായി പരാജയപ്പെടുകയാണ്. ജോർദാനിലെ അബ്ദുള്ള രാജാവിന് (സമാധാനശ്രമങ്ങൾക്കുവേണ്ടി) മാർപാപ്പ നന്ദി പറയുകയും ചെയ്തു.