സുനിതയും വിൽമറും ബഹിരാകാശത്ത് വോട്ട് ചെയ്യും
Sunday, September 15, 2024 12:05 AM IST
ഹൂസ്റ്റൺ: ബഹിരാകാശ സ്റ്റേഷനിൽ തുടരുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്.
ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുമൂലം സ്റ്റേഷനിൽ കുടുങ്ങിയ സുനിതയും സഹസഞ്ചാരി ബുച്ച് വിൽമറും വീഡിയോ ലിങ്കിലൂടെ പത്രസമ്മേളനം നടത്തുകയായിരുന്നു.
ഇവിടെ സന്തോഷം കണ്ടെത്തുന്നതായും ഇവിടെ തുടരാൻ ഇഷ്ടപ്പെടുന്നതായും സുനിത പറഞ്ഞു. മുന്പ് സ്റ്റേഷനിൽ താസമിച്ചിട്ടുള്ളതിനാൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് അവർ കൂട്ടിച്ചേർത്തു. നവംബറിലെ യുഎസ് പ്രസിഡന്റ് ഇലക്ഷനിൽ സ്റ്റേഷനിൽ വോട്ട് ചെയ്യാൻ തീരുമാനിച്ചതായി സുനിതയും വിൽമറും അറിയിച്ചു.
എട്ടുദിവസത്തെ ദൗത്യത്തിനായി ജൂൺ അഞ്ചിന് സ്റ്റേഷനിലെത്തിയ ഇരുവരുടെയും മടക്കയാത്ര സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുമൂലമാണ് നീളുന്നത്. ഫെബ്രുവരിയിൽ ഇവരെ ഭൂമിയിലെത്തിക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.