ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ
Thursday, September 12, 2024 11:53 PM IST
ഹൂസ്റ്റൺ: അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാനും സ്പേസ് എക്സ് ജീവനക്കാരി സാറാ ഗിൽസും ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ഇതാദ്യമായാണ് വാണിജ്യസംരംഭത്തിന്റെ ഭാഗമായി വ്യക്തികൾ ബഹിരാകാശത്തു നടക്കുന്നത്.
ജാരദ് ഐസക്മാൻ ഇന്ത്യൻ സമയം ഇന്നലെ 4.22നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽനിന്ന് ബഹിരാകാശത്തേക്ക് ഇറങ്ങിയത്. തുടർന്ന് സാറ ഗിൽസും പുറത്തിറങ്ങി. ഇരുവരും ഏതാണ്ട് 15 മിനിട്ട് ബഹിരാകാശത്തു ചെലവഴിച്ചു. ഡ്രാഗൺ പേടകം ഈ സമയം ഭൂമിയിൽനിന്ന് 736 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു.
റിട്ട. യുഎസ് വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, മലയാളിബന്ധമുള്ള അന്ന മേനോൻ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇവർ രണ്ടു പേരും ബഹിരാകാശനടത്തം ചെയ്തില്ല.ബഹിരാകാശത്തുനിന്ന് മടങ്ങുന്ന നാൽവർസംഘം രണ്ടുദിവസത്തിനികം ഭൂമിയിലിറങ്ങും.
സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ എന്ന ഈ ദൗത്യത്തിനുവേണ്ട മുഴുവൻ തുകയും ചെലവഴിച്ചത് ജാരദ് ഐസക്മാനാണ്. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളിലെ സർക്കാർ പദ്ധതികളുടെ ഭാഗമായി മാത്രമാണ് മുന്‍പ് ബഹിരാകാശനടത്തം നടന്നിട്ടുള്ളത്.
മൂന്നു ദിവസം മുന്‍പ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണ് ഡ്രാഗൺ പേടകം അയച്ചത്. ഐസക്മാൻ ആണ് മിഷൻ ലീഡർ. സാറ ഗിൽസ് സ്പേസ് എക്സിൽ എൻജിനിയറാണ്.
സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എൻജിനിയറാണ് അന്ന മേനോന്. മലയാളി വംശജനായ അനിൽ മോനോൻ ആണ് അന്നയുടെ ഭർത്താവ്.