അമേരിക്കൻ വനിതയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് യുഎൻ
Saturday, September 7, 2024 11:33 PM IST
ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ പ്രതിഷേധത്തിനിടെ തുർക്കി വംശജയായ അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തക അയ്സെനുർ എസ്ഗി (26) ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ പൂർണ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ.
സിവിലിയൻ ജനത എല്ലായ്പോഴും സംരക്ഷിക്കപ്പെടണമെന്നും വെടിവയ്പിലേക്കു നയിച്ച സാഹചര്യങ്ങൾ കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ സ്റ്റെഫാൻ ഡുജാറിക് ആവശ്യപ്പെട്ടു.
ഇസ്രേലികൾ പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ നാബ്ലുസിനു സമീപം ബെയ്താ പട്ടണത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വനിതയ്ക്കു വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിൽ അന്വേഷണം നടത്താൻ ഇസ്രേലി സർക്കാരിനോട് ആവശ്യപ്പെട്ടതായി യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് സീൻ സാവെറ്റ് വ്യക്തമാക്കി. എന്നാൽ ഇസ്രേലി പട്ടാളക്കാരൻ വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണെന്നും ഇസ്രേലി അന്വേഷണം പോരെന്നും യുഎസ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വനിതയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.