സഭ ഏവരുടെയും വിശ്വാസത്തെ മാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ കൂടുതൽ സന്തുലിതമായ ഒരു സമൂഹഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. ദൈവവിശ്വാസത്തെ ഒഴിവാക്കുന്ന സംസ്കാരത്തെ മാർപാപ്പ അപലപിച്ചു.
സമാധാനം സംസ്ഥാപിതമാക്കാൻ മതങ്ങൾക്കു നിർണായക പങ്കുണ്ടെന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു.
സമാധാനം ഉറപ്പാക്കുന്ന സൗഹാർദം വളർത്തിയെടുക്കാൻ മതാന്തര സംവാദം ശക്തിപ്പെടുത്താൻ സഭ ആഗ്രഹിക്കുന്നു. തീവ്രവാദികൾ മതത്തെ വളച്ചൊടിച്ച് അക്രമവും വഞ്ചനയും ഉപയോഗിച്ച് അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായും മാർപാപ്പ പറഞ്ഞു.
പ്രക്ഷുബ്ധമായ ലോകത്തിന്റെ നടുവിൽ സ്വാതന്ത്ര്യവും സഹിഷ്ണുതയുമാണ് ഇന്തോനേഷ്യയും വത്തിക്കാനുമായി ചേർന്നു പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. നേരത്തേ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പയ്ക്ക് ആചാരപരമായ വരവേല്പ് ലഭിച്ചു.
ഇവിടെവച്ച് നയതന്ത്ര പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ ഈശോസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ജക്കാർത്തയിലെ സ്വർഗാരോപിതനാഥയുടെ കത്തീഡ്രലിൽ മെത്രാന്മാരും വൈദികരുമായി കൂടിക്കാഴ്ച നടത്തി.