യുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു
Wednesday, September 4, 2024 2:35 AM IST
കീവ്: മധ്യ-കിഴക്കൻ യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. പോൾട്ടാവ നഗരത്തിലെ സൈനിക പരിശീലനകേന്ദ്രത്തിലും സമീപത്തെ ആശുപത്രിയിലും രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷമുണ്ടായ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണ് പോൾട്ടാവയിലുണ്ടായത്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കായാണ് പോൾട്ടാവ. കീവിൽനിന്നു ഖാർകീവിലേക്കുള്ള പ്രധാന പാതയും റെയിൽ റൂട്ടും കടന്നുപോകുന്നത് പോൾട്ടാവയിലൂടെയാണ്.
മിസൈലാക്രമണത്തിൽ സൈനിക പരിശീലന കേന്ദ്രത്തിലെ ഒരു കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചു. പോൾട്ടാവയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഗവർണർ ഫിലിപ് പ്രോനിൻ അറിയിച്ചു.