ഇസ്രയേലിന് ആയുധം നിഷേധിച്ച് ബ്രിട്ടൻ; ലജ്ജാകരമെന്ന് നെതന്യാഹു
Tuesday, September 3, 2024 11:30 PM IST
ടെൽ അവീവ്: ഇസ്രയേലിന് ആയുധം നിഷേധിച്ച ബ്രിട്ടന്റെ നടപടി ലജ്ജാകരമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു. കാടത്തത്തിനെതിരേ ഇസ്രയേലിനൊപ്പം നിൽക്കേണ്ട ബ്രിട്ടന്റെ തെറ്റായ തീരുമാനം ഹമാസിനെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുപ്പതോളം ആയുധഭാഗങ്ങൾ ഇസ്രയേലിലേക്കു കയറ്റുമതി ചെയ്യേണ്ടെന്നാണു ബ്രിട്ടൻ കഴിഞ്ഞദിവസം തീരുമാനിച്ചത്. ഗാസയിലെ യുദ്ധത്തിൽ ഇവയുടെ ഉപയോഗം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന ആശങ്കയാണു കാരണം.
ഇസ്രയേലിന് ആയുധം കയറ്റുമതി ചെയ്യുന്നതിനുള്ള 350 ലൈസൻസുകളിൽ 30 എണ്ണം റദ്ദാക്കാനാണു തീരുമാനമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി അറിയിച്ചു. യുദ്ധവിമാനം, ഹെലികോപ്റ്റർ, ഡ്രോൺ മുതലായവയുടെ പാർട്സുകൾക്കാണ് നിരോധനം.
അതേസമയം, ബ്രിട്ടന്റെ നടപടി ഒട്ടും പര്യാപ്തമല്ലെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
ഇസ്രയേലിന്റെ ആയുധ ഇറക്കുമതിയിൽ ഒരു ശതമാനമേ ബ്രിട്ടനിൽനിന്നുള്ളൂ. എഴുപതു ശതമാനത്തിനടുത്ത് അമേരിക്കയിൽനിന്നാണ്.