ജയിൽ ചാടാൻ ശ്രമം; കോംഗോയിൽ 129 പേർ കൊല്ലപ്പെട്ടു
Tuesday, September 3, 2024 11:30 PM IST
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ തടവുകാർ ജയിൽ ചാടാൻ നടത്തിയ ശ്രമം 129 പേരുടെ മരണത്തിൽ കലാശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തലസ്ഥാനമായ കിൻഷാസയിലെ മകാല ജയിലിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. 24 തടവുകാരുടെ മരണം വെടിയേറ്റാണെന്ന് ആഭ്യന്തരമന്ത്രി ഷബാനി ലുക്കു പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടാണു മറ്റുള്ളവരുടെ മരണം.
ജയിലിൽ മൃതദേഹങ്ങൾ കിടക്കുന്നതിന്റെയും തടവുകാർ സഹായത്തിനു കേഴുന്നതിന്റെയും വീഡിയോ പുറത്തുവന്നു.
അതീവ സുരക്ഷയുള്ള മകാല ജയിലിന്റെ ശേഷി 1,500 പേരാണെങ്കിലും 14,000 പേരെ ഇവിടെ തടവിലിട്ടിട്ടുണ്ട്. ഭക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം തടവുകാരുടെ മരണത്തിൽ കലാശിക്കാറുണ്ട്.
തടവുകാരിൽ ആറു ശതമാനം മാത്രമാണു ശിക്ഷ അനുഭവിക്കുന്നതെന്നും ബാക്കിയുള്ളവർ നിയമസംവിധാനത്തിന്റെ അപാകതകൾ മൂലം വിചാരണ കാത്തുകഴിയുന്നവരാണെന്നും പറയുന്നു. ഏഴു വർഷം മുന്പ് 4,000 തടവുകാർ ഇവിടെ ജയിൽ ചാടിയിരുന്നു.