ചൈനയിൽ വിമത കലാകാരൻ കസ്റ്റഡിയിൽ
Tuesday, September 3, 2024 11:30 PM IST
ബെയ്ജിംഗ്: ചൈനയിലെ വിമത കലാകാരൻ ഗാവോ ഷെന്നിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്.
ഇദ്ദേഹത്തിന്റെ സഹോദരനും കലാകാരനുമായ ഗാവോ ക്വിയാംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആധുനിക ചൈനയുടെ സ്ഥാപകനായ മാവോ സേ ദുംഗിനെ പരിഹസിക്കുന്ന ശില്പങ്ങളിലൂടെ പ്രശസ്തരാണ് ഗാവോ സഹോദരങ്ങൾ.
രണ്ടു വർഷം മുന്പ് യുഎസിൽ സ്ഥിരതാമസമാക്കിയ ഗാവോ ഷെൻ ഓഗസ്റ്റ് അവസാനം ഹുബെയ് പ്രവിശ്യയിലെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് പോലീസുകാർ പിടിച്ചുകൊണ്ടുപോയത്. മുപ്പതോളം പോലീസുകാർ സഹോദരങ്ങളുടെ സ്റ്റുഡിയോയിലുള്ള ശില്പങ്ങളും എടുത്തുകൊണ്ടുപോയി.
വിപ്ലവനായകന്മാരെയും രക്തസാക്ഷികളെയും അധിക്ഷേപിക്കുന്നത് കുറ്റകരമാക്കി 2021ൽ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമാണ് സഹോദരനെ പിടിച്ചുകൊണ്ടുപോയതെന്ന് ഗാവോ ക്വിയാംഗ് പറഞ്ഞു.