ഹമാസിന്റെ ചിറകരിഞ്ഞ് ഇസ്രയേൽ
Wednesday, July 31, 2024 11:45 PM IST
ഹമാസ് എന്ന ഭീകരസംഘടനയുടെ എല്ലാമെല്ലാമായ ഇസ്മയിൽ ഹനിയ ഇല്ലാതായതോടെ ആ സംഘടനയുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് പാശ്ചാത്യ നിരീക്ഷകർ.
ബിൻ ലാദന്റെ വധത്തിലൂടെ അൽക്വയ്ദ ഇല്ലാതായതുപോലെ, അബൂബക്കർ അൽ ബഗ്ദാദിയുടെ വധത്തിലൂടെ ഐഎസിനെ ഇല്ലാതാക്കിയതുപോലെ, ഹനിയയുടെ വധത്തിലൂടെ ഹമാസും ഇല്ലാതാകുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്.
ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഹമാസിന്റെ നേതാക്കളൊന്നൊന്നാകെ കൊല്ലപ്പെട്ടപ്പോഴും സംഘടനയെ ഖത്തറിലെ ഒളികേന്ദ്രത്തിലിരുന്നു ചലിപ്പിച്ചുകൊണ്ടിരുന്നത് ഹനിയയായിരുന്നു.
സംഘടനയുടെ ബുദ്ധികേന്ദ്രവും സാന്പത്തികസ്രോതസുകൾ കണ്ടെത്തിയിരുന്നതും നയതന്ത്രമുഖമായി ഗാസയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെയും ഖത്തറിന്റെയും ഈജിപ്തിന്റെയുമൊക്കെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ചിരുന്നതും ഹനിയയായിരുന്നു.
ഇസ്രേലി സേനയുടെ ആക്രമണം തുടർന്നാൽ ഹമാസിന് ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടതുപോലെയായിരുന്നു അടുത്തിടെയായി ഹനിയയുടെ നീക്കങ്ങൾ.
ഗാസയിലെ തന്റെ വീട് ആക്രമിച്ച് മൂന്ന് ആൺമക്കളെയും നാല് കൊച്ചുമക്കളെയും ഇസ്രേലി സൈന്യം വധിച്ചപ്പോഴും ഇതു സമാധാനചർച്ചയെ ബാധിക്കില്ലെന്ന നിലപാട് ഹനിയ കൈക്കൊണ്ടത് ഇസ്രേലി സേനയോടു പോരടിച്ച് മടുത്തതുകൊണ്ടുതന്നെയായിരുന്നു.
പത്തു മാസമായി തുടരുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേൽ നേടിയ വൻ മുന്നേറ്റമായി ഹനിയയുടെ കൊലപാതകത്തെ വിലയിരുത്തുന്നുണ്ട്.
അഭയാർഥികളുടെ മകൻ
1962ൽ ഗാസ സിറ്റിക്കു സമീപത്തെ അൽ ഷാതി അഭയാർഥി ക്യാന്പിലായിരുന്നു ഹനിയയുടെ ജനനം. 1948ലെ പലസ്തീൻ യുദ്ധത്തിൽ അഭയാർഥികളായിരുന്നു ഹനിയയുടെ മാതാപിതാക്കൾ. പഠനകാലത്തുതന്നെ ഇസ്ലാമിക് വിദ്യാർഥിസംഘടനയിൽ ചേർന്ന് പ്രവർത്തനമാരംഭിക്കുകയും നേതൃനിരയിലേക്ക് എത്തുകയും ചെയ്തു. 1987ൽ ഹമാസ് രൂപീകരിക്കുന്പോൾ സംഘടനയുടെ സ്ഥാപകാംഗമായിരുന്നു ഹനിയ.
ഒന്നാം ഇൻതിഫാദ എന്നപേരിൽ അറിയപ്പെടുന്ന ഇസ്രയേൽ അധിനിവേശത്തിനെതിരേ നടന്ന പ്രതിഷേധങ്ങളുടെ ചുവടു പിടിച്ചാണ് 1987ൽ ഹമാസ് സംഘടന രൂപംകൊണ്ടത്. അന്നുമുതൽ ഹനിയ ഹമാസിന്റെ ഭാഗമായിരുന്നു.
ഇൻതിഫാദയുടെ പേരിൽ 1988ൽ ഹനിയയെ ആറുമാസത്തോളം ഇസ്രയേൽ ജയിലിലടച്ചിരുന്നു. പിന്നീടും തീവ്രവാദത്തിന്റെ പേരിൽ പലതവണ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം 1992ൽ ഹനിയയെ നാടുകടത്തി. മറ്റു നിരവധി ഹമാസ് നേതാക്കൾക്കൊപ്പം ഇസ്രയേലിനും ലബനനും ഇടയ്ക്കുള്ള പ്രദേശത്തേക്കാണ് ഹനിയയെയും സംഘത്തെയും നാടുകടത്തിയത്.
ഒരു വർഷത്തിനുശേഷം ഹനിയ ഗാസയിലേക്ക് തിരിച്ചെത്തി. ഹമാസ് സ്ഥാപകനും സംഘടനയുടെ ആത്മീയനേതാവുമായിരുന്ന ഷേക് യാസിന്റെ വലംകൈയായിരുന്ന ഹനിയ പിന്നീട് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായി. 2003ൽ യാസിൻ കൊല്ലപ്പെടുന്നതുവരെ ഹനിയ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹനിയയെക്കൂടി ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് യാസിൻ കൊല്ലപ്പെട്ടത്. പിന്നീട് അതിവേഗമാണ് ഹനിയ ഹമാസിന്റെ നേതൃനിരയിലേക്ക് ഉയർന്നത്.
പലസ്തീൻ പ്രധാനമന്ത്രി
2006 ജനുവരിയിൽ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹമാസ് പലസ്തീനിലെ രാഷ്ട്രീയപാർട്ടിയായ ഫത്തായെ പരാജയപ്പെടുത്തി അധികാരത്തിലെത്തുകയും ഇസ്മയിൽ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു.
ഹനിയ അധികാരത്തിലെത്തിയതിനു പിന്നാലെ ഇസ്രയേൽ ഗാസ മുനന്പിലെ ഉപരോധങ്ങൾ ശക്തമാക്കി. ഗാസയിൽനിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റാക്രമണത്തിനു പിന്നാലെയായിരുന്നു നടപടി കടുപ്പിച്ചത്. ഇതേത്തുടർന്നുണ്ടായ സംഘർഷം ദശാബ്ദങ്ങളായി തുടരുകയാണ്.
ഹമാസിനുള്ളിലുണ്ടായ അധികാര വടംവലിയെത്തുടർന്ന് തൊട്ടടുത്ത വർഷം ഹനിയയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് നീക്കി. തുടർന്ന് ഹമാസ്-ഫത്താ പാർട്ടികൾ ചേർന്നുള്ള ഐക്യസർക്കാർ അധികാരത്തിലേറി.
എന്നാൽ, ഗാസയിൽ ഇസ്രയേലുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2012ൽ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് സർക്കാരിനെ പിരിച്ചുവിടുകയും ഗാസയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പ്രസിഡന്റിന്റെ ഉത്തരവ് അനുസരിക്കാൻ ഹനിയ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ഗാസയിൽ ഭരണം തുടരുകയും ചെയ്തു. ഫത്താ പാർട്ടിയാകട്ടെ ഗാസയ്ക്കു സമീപത്തെ വെസ്റ്റ് ബാങ്ക് കേന്ദ്രമാക്കിയും ഭരണം തുടർന്നു.
ഏതാനും വർഷങ്ങളായി ഇരു സംഘടനകളും കടുത്ത ഭിന്നതയിലാണ്. ഭിന്നത പരിഹരിക്കാൻ പലകുറി ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. 2021-22ലെ പലസ്തീൻ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഹമാസ് ബഹിഷ്കരിച്ചതോടെ ഭിന്നത വീണ്ടും മറനീക്കി. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസാണ് ഇപ്പോൾ ഫത്താ പ്രസ്ഥാനത്തെ നയിക്കുന്നത്.
ഞെട്ടൽ മാറാതെ ഇറാൻ
ഇസ്രയേലിന്റെ പ്രധാന ശത്രു തങ്ങളുടെ മണ്ണിൽ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലും നാണക്കേടിലുമാണ് ഇറാൻ. ഇസ്രയേലിനെതിരേ പോരാടാൻ ഹമാസിന് ആയുധസഹായവം നൽകിവരുന്നത് ഇറാനാണെന്നത് പരസ്യമായ രഹസ്യമാണ്.
ഹമാസ് നേതാക്കൾ പതിവായി ടെഹ്റാനിലെത്തി ഇറേനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇതിനിടെയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണത്തിനായി ഇസ്മയിൽ ഹനിയ ചൊവ്വാഴ്ച ഖത്തറിൽനിന്നു ടെഹ്റാനിലെത്തിയത്. ചടങ്ങിൽ പങ്കെടുത്ത ഹനിയ പുതിയ പ്രസിഡന്റുമായും പരമോന്നത നേതാവ് ഖമനെയ്യുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇതിനുശേഷം സർക്കാർ ഒരുക്കിയ രഹസ്യവസതിയിൽ ഉറങ്ങിക്കിടക്കവേയാണ് മിസൈലാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞയുടൻ പരമോന്നത നേതാവ് ഖമനെയ്യുടെ വസതിയിൽ ഇറാന്റെ ദേശീയ സുരക്ഷാസമിതി യോഗം ചേർന്നു. അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ സുരക്ഷാസമിതി യോഗം ചേരാറുള്ളത്.
തങ്ങളുടെ അതിഥിയെ വകവരുത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പരമോന്നത നേതാവ് ഖമനെയ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം തയാറാണെന്നാണ് ഇതിനോട് ഇസ്രേലി സേന പ്രതികരിച്ചത്.
മൊസാദിന്റെ അജയ്യത
ലോകരാജ്യങ്ങൾക്കിടയിൽ രഹസ്യം ചോർത്തുന്നതിൽ വിദഗ്ധരെന്നു കേൾവികേട്ടവരാണ് ഇസ്രയേലി ചാരസംഘടനയായ മൊസാദ്.
രാജ്യത്തിന്റെ ശത്രുക്കൾ ലോകത്തിന്റെ ഏതു കോണിൽ ഒളിച്ചാലും വകവരുത്തിയിരിക്കുമെന്ന മൊസാദിന്റെ നിശ്ചയദാർഢ്യം പലകുറി ലോകം കണ്ടതാണ്. എന്നാൽ, 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണം മുൻകൂട്ടി കാണുന്നതിലുണ്ടായ പിഴവ് മൊസാദിനു നാണക്കേടായി. ഇതോടെ ഹമാസിനെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യവുമായി മൊസാദ് കരുക്കൾ നീക്കി.
ഹമാസിന്റെ കമാൻഡർമാരെ ഒന്നൊന്നായി നിരീക്ഷിച്ചു വകവരുത്താൻ സൈന്യത്തിനു വിവരം നൽകിയ സംഘടന, ഏറ്റവുമൊടുവിൽ ഇസ്മയിൽ ഹനിയയെക്കൂടി വധിക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു. അതിനായി അദ്ദേഹത്തിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു.
ഖത്തറിലെയും ഇറാനിലെയും ചാരന്മാർ മുഖേനയായിരുന്നു നിരീക്ഷണം. ഒടുവിൽ ഇറേനിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ഹനിയ എത്തുമെന്ന് രഹസ്യവിവരം ലഭിച്ച മൊസാദ് സൈന്യത്തിനു വിവരം കൈമാറി.
ഇറാന്റെ വ്യോമമേഖലയ്ക്കു പുറത്തുനിന്നു നടത്തിയ മിസൈൽ ലക്ഷ്യം കാണുകയും ടെഹ്റാനിൽ ഇറാൻ സർക്കാർ ഒരുക്കിയ വസതിയിൽ അതു വീഴുകയും ഇസ്മയിൽ ഹനിയയും അംഗരക്ഷകനും കൊല്ലപ്പെടുകയുമായിരുന്നു.