ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം
Wednesday, July 31, 2024 11:45 PM IST
ടെൽ അവീവ്: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ആര് എന്ന ചോദ്യത്തിനു വിരൽ നീളുന്നത് ഇസ്രയേലിനു നേർക്കാണ്. വിദേശരാജ്യങ്ങളിലെ ഓപ്പറേഷനുകളിൽ പ്രതികരിക്കാതിരിക്കലാണ് ഇസ്രയേലിന്റെ രീതി.
ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാന്റെ മൂക്കിനു കീഴിലാണ് ഹനിയ കൊല്ലപ്പെട്ടത്. ശത്രുവിനെ അവന്റെ സുരക്ഷിത മാളത്തിൽ ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് ഹനിയവധത്തിൽ അവലംബിച്ചിരിക്കുന്നത്. ഹമാസിന് ആയുധവും പണവും നല്കുന്ന ഇറാനുള്ള ശക്തമായ താക്കീതുകൂടിയാണിത്.
കഴിഞ്ഞമാസം ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി 1600 കിലോമീറ്റർ അകലെയുള്ള യെമനിൽ ആക്രമണം നടത്തിയശേഷം ഇസ്രേലി പ്രധാനമന്ത്രി പറഞ്ഞത്, ഇസ്രയേലിന്റെ നീളമുള്ള കരങ്ങളിൽനിന്ന് ഒരു ശത്രുവിനും രക്ഷപ്പെടാനാവില്ലെന്നാണ്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ, ഹമാസ് നേതൃത്വത്തെ എവിടെവച്ചും വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനുള്ള ഉത്തരവ് ഇസ്രേലി ചാരസംഘടനയായ മൊസാദിനു നല്കിയെന്നും നെതന്യാഹു മുന്പ് അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ പൊളിറ്റിക്കൽ വിഭാഗം മേധാവിയായി 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഹനിയ തുടർന്നുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും ഖത്തറിലാണു ചെലവഴിച്ചത്. ഹനിയയെ ഇല്ലാതാക്കാനായി ഇസ്രയേൽ തെരഞ്ഞെടുത്തത് ഖത്തറല്ല; ഹമാസിനെ പോറ്റിവളർത്തിയ ഇറാൻ ആണ്. ഇറാനിലെ പുതിയ പ്രസിഡന്റ് പസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണു വധമെന്നതും ശ്രദ്ധേയം.
കൊല്ലപ്പെടുന്നതിനു മുന്പ് പസെഷ്കിയാനുമായും ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയുമായും ഹനിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു മുന്പ് പലവട്ടം ഹനിയ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. ഇറാനിൽ അദ്ദേഹം വലിയ സുരക്ഷിതത്വബോധം അനുഭവിച്ചിരിക്കാമെന്നാണു പാശ്ചാത്യ നിരീക്ഷകരുടെ അഭിപ്രായം.
ഹനിയയുടെ മരണത്തോടെ ഹമാസ് നേതൃനിരയുടെ മുനയൊടിഞ്ഞിരിക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ തലവൻ മുഹമ്മദ് ദെയ്ഫ് രണ്ടാഴ്ച മുന്പ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്.
സെൻട്രൽ ഗാസയിൽ കുട്ടികളടക്കം 90 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ ഇസ്രയേൽ ഏറെ പഴികേട്ടിരുന്നു. ഗാസയിലെ ഹമാസ് നേതൃത്വത്തിൽ ഇനി അവശേഷിക്കുന്നത് യെഹ്യ സിൻവർ മാത്രമാണ്.